തിരുവല്ല: ആഞ്ഞിലിത്താനം പ്രദേശങ്ങളിൽ രണ്ടാഴ്ചയായി തുള്ളിവെള്ളം കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുന്നു. കുന്നന്താനം പഞ്ചായത്തിന് കീഴിലുള്ള ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം ലഭിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലായത്. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ആഞ്ഞിലിത്താനം ജംഗ്‌ഷനിലെ ബാങ്കിന് സമീപത്തായി പൊട്ടിയെന്നാണ് ജലനിധി അധികൃതർ പറയുന്നത്. എന്നാൽ രണ്ടാഴ്ചയായിട്ടും അറ്റകുറ്റപ്പണികൾ ചെയ്ത് കുടിവെള്ളം പമ്പിംഗ് നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഇതുകാരണം ആഞ്ഞിലിത്താനം ജംഗ്‌ഷൻ, കോലത്തുമല കോളനി, ഉദ്ധാനത്ത്പടി, കല്ലുപുരയ്‌ക്കൽ കോലത്ത്, കാക്കനാട്ടുകുഴി, തുണ്ടിയിൽഭാഗം, ചിറയിൽ ഭാഗം എന്നീ പ്രദേശങ്ങളിലെല്ലാം ദിവസങ്ങളായി കുടിവെള്ളം കിട്ടാക്കനിയാണ്. ഇവിടുത്തെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. കൊവിഡ് കാലമായതിനാൽ കുടിവെള്ളം തേടി കിണറുള്ള വീടുകളിൽ പോകാനും നാട്ടുകാർ ഭയപ്പെടുന്നു.
നാട്ടുകാർ പ്രതിഷേധത്തിൽ
കുടിവെള്ളം വലിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ഓരോദിവസവും പൈപ്പ് ശരിയാക്കുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ കാത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത്, ജലനിധി അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതുവരെയും പരിഹാരം ഉണ്ടാകാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
---------
ജലനിധിയും വെറുതെയായി
ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ വല്ലപ്പോഴും മാത്രമേ കുടിവെള്ളം കിട്ടാറുള്ളൂ. ഇതുമൂലം ദുരിതത്തിലായ ജനങ്ങൾക്ക് മുടക്കമില്ലാതെ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്ക് മുമ്പ് ജലനിധി പദ്ധതി കുന്നന്താനം പഞ്ചായത്തിൽ ആവിഷ്ക്കരിച്ചത്. എന്നാലിപ്പോൾ ജലനിധിയിലൂടെയും ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി.
---------
തകർച്ചയിലായ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടത്താൻ പ്ലംബർ വരാത്തതിനാലാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. ഉടനെ പ്രശ്‌നം പരിഹരിക്കും.
ഷാജൻ പോൾ
ജലനിധി പ്രസിഡന്റ്
-കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പു പൊട്ടിയെന്ന് അധികൃതർ
-2 ആഴ്ചയായിട്ടും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല
-ഭൂരിഭാഗം വീടുകളിലും കിണറുകളില്ല