അടൂർ : പന്നിവിഴ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുഴിക്കലേത്ത് വീട്ടിൽ പരേതനായ ഗണേഷിന്റെ മക്കളായ അഞ്ചാംക്ളാസുകാരൻ ശ്രീഹരിക്കും ശിവപാർവതിക്കും ഇനി വൈദ്യുതി വെളിച്ചത്തിലും മൊബൈൽഫോൺ റീ ചാർജ്ജ് ചെയ്തും ഓൺലൈൻ പഠനം നടത്താം. വൈദ്യുതി ഇല്ലാത്തതുകാരണം പഠനം മുടങ്ങുന്ന വിവരം അറിയിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കത്തയച്ചതോടെയാണ് വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്. വിവരം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, ജീവകാരുണ്യ പ്രവർത്തകനായ ജോർജ് മുരിക്കൻ എന്നിവർക്ക് ഡെപ്യൂട്ടി സ്പീക്കർ കൈമാറി. ഉടൻ തന്നെ വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാക്കി വെളിച്ചമെത്തിച്ചു. ഇന്നലെ രാവിലെ 10ന് ചിറ്റയം ഗോപകുമാർ, ശ്രീഹരിയേയും, ശിവപാർവതിയേയും നേരിട്ട് കാണുവാനെത്തി ചിറ്റയം ഗോപകുമാർ സ്വിച്ച്ഓൺ കർമ്മവും നിർവഹിച്ചതിനൊപ്പം കുട്ടികൾക്ക് പഠനോപകരണങ്ങളും നല്കി. ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്,അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ജീവകാരുണ്യ പ്രവർത്തകൻ ജോർജ് മുരിക്കൻ, കൗൺസിലർമാരായ എസ്.ഷാജഹാൻ, ബിന്ദുകുമാരി, രമേശ്കുമാർ വരിക്കോലിൽ, പന്നിവിഴ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ. ജി വാസുദേവൻ, കെ.എൻ സുനിൽ ബാബു, സ്ക്കൂൾ ഹെഡ്മിസ്ട്രസ്, ശോഭന ബേബി എന്നിവർ പ്രസംഗിച്ചു.