2
കടമ്പനാട് - ഏനാത്ത് - മിനി ഹൈവേ - ആലുംമൂട്ടിൽ വളവ്

കടമ്പനാട് : കടമ്പനാട് - ഏഴംകുളം മിനി ഹൈവെയിൽ അപകടം പതിവായിട്ടും സുരക്ഷാ നടപടികളില്ല. സ്ഥിരം അപകടം നടക്കുന്ന സ്ഥലമായി മണ്ണടി-ആലുംമൂട്ടിൽ വളവ് മാറി കഴിഞ്ഞു. നിരവധി ജീവനുകളാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ജൂൺ 18ന് രാവിലെ നടന്ന അപകടമാണ് ഒടുവിലത്തേത്. അപകടത്തിൽ പരിക്കേറ്റ ഷഫറുദ്ദീൻ കഴിഞ്ഞ ദിവസം മരിച്ചു. എംഫർട്ട് മണ്ണടി എന്ന സന്നദ്ധസംഘടനയാണ് വളവിൽ കണ്ണാടി സ്ഥാപിച്ചത്. ഇതും അപകടത്തിൽ നശിച്ചു. അപകട വളവ് സൂക്ഷിച്ചു പോകുക എന്ന ബോർഡ് മാത്രമാണ് പൊതുമരാമത്തിൽ നിന്ന് ചെയ്തത്. കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചതോടെ വാഹനത്തിന്റെ തിരക്കേറിയിട്ടുണ്ട്. അപകടങ്ങൾക്കും മരണങ്ങൾക്കും സാക്ഷിയായ നാട്ടുകാർ സഹികെട്ടാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടത്. പക്ഷേ എല്ലാം ഇപ്പഴും പഴയ പടി തന്നെ. ഒരാഴ്ച മുൻപ് ഇവിടെ ടിപ്പർ സ്‌കൂട്ടറിലിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.

കൊടും വളവ് തിരിച്ചറിയാനാകുന്നില്ല

വർഷങ്ങൾക്കു മുൻപ് റോഡ് ഹൈവേ നിലവാരത്തിലേക്ക് ഉയർത്തിയപ്പോഴുണ്ടായ കൊടും വളവാണ് ഇത്. 2019ൽ ഇവിടെ നടന്ന അപകടത്തിലും ഒരാൾ മരണപ്പെട്ടിരുന്നു. വളവ് തിരിച്ചറിയാൻ സാധിക്കാത്തതു കാരണം ഒരു കാർ മറിഞ്ഞ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ വളവിനോട് ചേർന്നുള്ള ഉപറോഡിലേക്ക് വാഹനങ്ങൾ കയറാൻ ശ്രമിക്കുന്നതു മൂലമാണ് അപകടങ്ങളേറെയും മുൻപ് നടന്നിരുന്നത്. ഈ ഭാഗത്തെ വളവിന്റെ വീതി കൂട്ടിയാൽമാത്രമേ ശാശ്വത പരിഹാരമാകു.

പരാതി നൽകിയിട്ടും ഫലമില്ല

നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 2019ലെ അപകട മരണം കഴിഞ്ഞപ്പോൾ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് അധികൃതർ അന്ന് പറഞ്ഞതാണ് പരിഹാരത്തിനായി കടമ്പനാട് മുതൽ ഏനാത്തുവരെയുള്ള റോഡ് ടാർ ചെയ്ത് വീതി കൂട്ടുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന്. പക്ഷേ അപകടങ്ങൾ നിരധി നടന്നിട്ടും ഒരുനടപടിയും സ്വീകരിക്കാൻ പൊതുമരാമത്തിന് സാധിച്ചിട്ടില്ല.

ടിപ്പറുകളുടെ മരണ പാച്ചിൽ

കൊല്ലം ജില്ലയിലേക്ക് പാറയും,മെറ്റലും മറ്റ് ക്വാറി ഉത്പന്നങ്ങളും ടിപ്പറിൽ കൊണ്ട് പോകുന്നത് ഏനാത്ത്-കടമ്പനാട് മിനി ഹൈവേ വഴിയാണ്. രാവിലെ മുതൽ നിര നിരയായിട്ടാണ് അമിത വേഗതയിൽ ടിപ്പറുകൾ കടന്നു പോകുന്നത്. ഇകാരണം പ്രഭാത സവാരിക്കാർ ഏനാത്ത്-കടമ്പനാട് മിനി ഹൈവേ റോഡിൽക്കൂടി നടക്കാനും ഭയമാണ്.

ഈ റോഡിൽ പൊതുവെ പൊലീസ്,മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയില്ലാത്തതാണ് ടിപ്പറുകൾ ഇതുവഴി പോകാൻ കാരണം. വാഹന പരിശോധന ശക്തമാക്കിയാൽ വാഹനങ്ങളുടെ അമിത വേഗതയെങ്കിലും കുറക്കാനാകും.

( നാട്ടുകാർ)