വിസ്മയ ദൃശ്യങ്ങളൊരുക്കി പ്ലാങ്കാട് മലനിരകൾ
മലയാലപ്പുഴ: വിനോദ സഞ്ചാരത്തിന് വിദൂരങ്ങളിലേക്ക് പോകുന്നവരേ.. കാഴ്ചയുടെ വിസ്മയമായി ഹിൽപോയിന്റ് ഇവിടെയുണ്ട്. പ്രകൃതിരമണീയമായ ഇൗ സ്ഥലം ജില്ലയിൽത്തന്നെ അധികമാർക്കും അറിയില്ല.
ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ പ്ലാങ്കാട് മലനിരകളിലാണ് ഹിൽ പോയിന്റ്. നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ഇവിടെ നൂറ് ഏക്കറോളം സ്ഥലംനിറയെ പ്ലാവുകളിയിരുന്നു അങ്ങനെയാണ് പ്ലാങ്കാട് എന്ന് പേരുവന്നത്. പിന്നീട് പ്ളാവുകൾ വെട്ടിമാറ്റി ഹാരിസൺ കമ്പനി റബർ കൃഷി തുടങ്ങി. പ്ളാവിന് പകരം റബർ വന്നെങ്കിലും പ്ലാങ്കാട് എന്നുതന്നെയാണ് പേര്. റബർതൈകൾക്കിടയിൽ കൈതച്ചക്ക കൃഷി ചെയ്തിട്ടുണ്ട്. പുലർച്ചെയും സന്ധ്യയ്ക്കും കോടമഞ്ഞു നിറയുന്നത് മനോഹരമായ ദൃശ്യമാണ്. കിഴക്കുപുറം, പൊന്നമ്പി, മലയാലപ്പുഴ പ്രദേശങ്ങളാണ് മലനിരകളുടെ ഒരുവശത്ത്. മറുവശത്ത് ചെങ്ങറ, നാടുകാണി പ്രദേശങ്ങളാണ്. മലനിരകൾക്കു മുകളിൽ ഈർപ്പം കിനിയുന്ന പാറകളും അച്ചൻകോവിലാറിന്റെ കൈവഴികളായ നീർച്ചാലുകളുമാണ്. പാറകളുടെ മുകളിൽ നിരവധി ഔഷധസസ്യങ്ങളും വളരുന്നു. അപൂർവങ്ങളായ ചിത്രശലഭങ്ങളുമുണ്ട്. ജനവാസമേഖലകളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രദേശമായതിനാൽ ശുദ്ധവായുവും ലഭിക്കും. ചരിഞ്ഞ് വിശാലമായി കിടക്കുന്ന തേങ്ങാടിപ്പാറയും 300 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്കുപതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടവും ഇൗ ഭാഗത്താണ്. നാൽപ്പതു വർഷങ്ങൾക്കുമുമ്പു നടന്ന പാതിരാകൊലപാതകത്തിന്റെ കഥപറയുന്ന സാവത്രിക്കാടും ഉരലിന്റെ ആകൃതിയിലുള്ള മൂന്ന് കുഴികളിലേക്ക് വെള്ളം വീഴുന്ന ഉരക്കുഴി വെള്ളച്ചാട്ടവും പ്ലാങ്കാടിന്റെ സമീപമാണ്. കാട്ടുമുയൽ , കീരി, മയിലുകൾ, വെരുക് തുടങ്ങിയവയെയും കാണാൻ കഴിയും. ഇവിടെ നിന്നാൽ പത്തനംതിട്ട, കോന്നി മേഖലകളുടെ വിദൂരദൃശ്യം ലഭിക്കും. സൂര്യാസ്തമനവും കാണാം. നേരത്തെ സഞ്ചാരികൾ എത്തുമായിരുന്നെങ്കിലും കൊവിഡായതോടെ വരവ് നിലച്ചിരിക്കുകയാണ്.
ചെങ്ങറ കുരിശുമൂട് ജംഗ്ഷനിൽ നിന്ന് പഴയ പോസ്റ്റ് ഓഫീസ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താൻ കഴിയും. കിഴക്കുപുറം എസ്. എൻ. ഡി.പി. യോഗം കോളേജിന് സമീപത്തു നിന്ന് അര കിലോമീറ്റർ ദൂരമുണ്ട്.
ദൂരം:
പത്തനംതിട്ട - കുമ്പഴ വഴി 11 കിലോമീറ്റർ
കോന്നി- അട്ടച്ചാക്കൽ വഴി 6 കിലോമീറ്റർ