കോഴഞ്ചേരി : ശുദ്ധജല വിതരണ പദ്ധതി ഉണ്ടായിട്ടും ജനങ്ങൾക്ക് നല്ല വെളളം കിട്ടാൻ യോഗമില്ല. പണം മുടക്കി കുടിവെള്ളം വാങ്ങേണ്ട ഗതികേടിൽ ആന്താലിമൺ പ്രദേശവാസികൾ. കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽ ഉൾപ്പെട്ട ആന്താലിമൺ ജലവിതരണ പദ്ധതിയാണ് വർഷങ്ങളായി മലീമസമായി കിടക്കുന്നത്. കുറവൻകുഴിയിലെ 75 സെന്റ് വിസ്തൃതിയുള്ള കുളത്തിൽ നിന്നാണ് പദ്ധതി. കിണർ ജലം ശുദ്ധീകരിക്കാൻ നടപ്പാക്കിയ സംവിധാനങ്ങളും വിജയം കാണാതിരുന്നതാണ് പദ്ധതി പ്രവർത്തനത്തിന് ഇപ്പോൾ വിലങ്ങുതടിയായിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിൽ 2011ൽ നിർമ്മാണം തുടങ്ങിയ കുടിവെള്ള പദ്ധതി 2015ൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യനാണ് ഉദ്ഘാടനം ചെയ്തത്. ആന്താലി മൺ കോളനിയിലെ 78 കുടുംബങ്ങളുടെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ പിന്നീട് ചുഴികുന്ന് ഭാഗത്തെ 12കുടുംബങ്ങളെയും ഉൾപ്പെടുത്തി. തുടക്കം മുതൽ തുടങ്ങിയ പാളിച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതാണ് പദ്ധതിക്കേറ്റ തിരിച്ചടി.

സർവത്ര മലിനം

കുറവൻകുഴി കുളവും പദ്ധതിയിലെ കിണറിന്റെ ചുറ്റുപാടുകളും ഇപ്പോൾ മലീമസമാണ്. സമീപത്തെ തോട്ടിൽ നിന്നുള്ള മലിനജലവും ആളുകൾ കൊണ്ടു വന്നിടുന്ന മാലിന്യങ്ങളും കാരണം കുളം ഇപ്പോൾ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. കുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർച്ചയിലാണ്. ചില ഭാഗങ്ങളിൽ കൈയ്യേറ്റമുളളതായും പരാതിയുണ്ട്.

പ്രതീക്ഷയിൽ നാട്ടുകാർ


കിണറിലെ മലിനജലം ' ഒഴിയാബാധ' യായതിനെ തുടർന്ന് 2018-19 വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറിന് ഫിൽറ്ററും സബ് മാർക്കബിൾ പമ്പും സ്ഥാപിച്ച് ജല ശുദ്ധീകരണത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒരു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷം രൂപ ചെലവിൽ കുളം വൃത്തിയാക്കിയതാണ്. ഏറ്റവും ഒടുവിൽ നടന്ന നവീകരണം. പദ്ധതിയുടെ തുടക്കത്തിൽ കിണറിന് ചുറ്റും ഡി.ആർ കൽക്കെട്ട് ഒരുക്കി ആറ്റുമണൽ നിറച്ച് ജല ശുദ്ധീകരണം ലക്ഷ്യമിട്ടെങ്കിലും അതും വെള്ളത്തിലെ വര പോലെയായി. പുതിയ ത്രിതല ഭരണ സമിതിയിൽ ജല പദ്ധതി നവീകരണത്തിന് പ്രതീക്ഷ നട്ട് കാത്തിരിക്കുകയാണ് നാട്ടുകാർ.

------------
ആന്താലിമൺ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇതുവരെ പഞ്ചായത്തിന് വിട്ടു നൽകിയിട്ടില്ല. ഇതു കാരണം പഞ്ചായത്തിന് പദ്ധതിയിൽ ഫണ്ട് ചെലവഴിക്കാനാവില്ല. വിട്ടുകിട്ടിയാൽ പുനരുദ്ധാരണം ഉറപ്പായും നടപ്പാക്കും.

റെനി രാജു, വൈസ് പ്രസിഡന്റ്

കോയിപ്രം പഞ്ചായത്ത്)

-----------

ശുദ്ധജല വിതരണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും പരിഹരിക്കാമെന്ന പതിവു മറുപടിയാണ് ഉള്ളത്.

(സി.പ്രമോദ്കുമാർ,

ആന്താലിമൺ)

-50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കുടിവെള്ള പദ്ധതി

- ഉദ്ഘാടനം നടന്നത് 2015ൽ

-78 കുടുംബങ്ങൾക്ക് പ്രയോജനം