തണ്ണിത്തോട് : കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ ഇടതുപക്ഷം നടത്തിയ ധർണ രാഷ്ട്രീയ പാപ്പരത്വമാണെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വർഷങ്ങളായി തകർന്ന് കിടന്ന ഹോസ്പിറ്റൽ റോഡിന് കഴിഞ്ഞ ഭരണസമിതി തുക അനുവദിച്ചിരുന്നു. ടെൻഡർ നടത്തുകയും സി.പി.എം പ്രാദേശിക നേതാവ് കരാർ എടുത്തിട്ട് മൂന്നു വർഷമായി വർക്ക് ചെയ്യാതെ പോകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ കൂട്ടായി ആലോചിച്ച് വർക്ക് ചെയ്യിക്കാൻ തിരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ തിങ്കളാഴ്ച പണി തുടങ്ങാൻ സാധനങ്ങൾ ഉൾപ്പടെ എല്ലാ ക്രമീകരണവും ചെയ്തപ്പോൾ ഇടതുപക്ഷം രാഷ്ടിയപ്രേരിതമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണികൾ തടയുകയാണ് ഉണ്ടായത്. ഇത് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഭരണ സമിതിയെ മോശമാക്കാനുള്ള ശ്രമഫലമാണ് ഇവയെല്ലാം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി പാലിച്ച് പ്രവർത്തിച്ച ഭരണ സമിതിക്കെതിരെ നടത്തുന്ന ഇത്തരം സമരങ്ങൾ രാഷ്ടീയ പാപ്പരത്വമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയൻപിള്ള, കേരള കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജി കളയ്ക്കാട്ട് എന്നിവർ പറഞ്ഞു.