കോഴഞ്ചേരി : അറുപതാം പിറന്നാളിന് ആഘോഷങ്ങൾ ഒഴിവാക്കി അറുപത് കൊവിഡ് ബാധിതരുടെ കുടുംബങ്ങളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി സാമൂഹ്യ പ്രവർത്തകൻ. ആറന്മുള നീർവിളാകം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹിക സാംസ്‌കാരിക സമിതിയുടെ പ്രസിഡന്റ് എസ്.മുരളി കൃഷ്ണൻ ആണ് കഴിഞ്ഞ ദിവസം ഷഷ്ഠി പൂർത്തി ദിനം വ്യത്യസ്തമായി ആചരിച്ചത്. കൊവിഡ് വ്യാപനം കൂടുതലുള്ള ആറന്മുള പഞ്ചായത്തിലെ നീർവിളാകം പേരങ്ങാട്, കുറിച്ചിമുട്ടം എഴിക്കാട്, വല്ലന പ്രദേശങ്ങളിലെ വീടുകളിലാണ് പച്ചക്കറി കിറ്റുകൾ എത്തിച്ചത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതിനെ തുടർന്ന് എഴിക്കാട്, പേരങ്ങാട് പട്ടികജാതി കോളനികളിൽ അടുത്തിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിരുന്നു. കാർഷിക മേഖലയായ ഇവിടെ തൊഴിൽ ഇല്ലാതെ മിക്ക വീടുകളും ദുരിതത്തിലുമാണ്. ഈ സാഹചര്യത്തിലാണ് ഷഷ്ഠി പൂർത്തിക്ക് വേണ്ടി ചെലവിടാൻ മാറ്റി വച്ച തുക രോഗികൾക്കുള്ള സ്വാന്തനമാക്കിയത്. ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹിക സാംസ്‌കാരിക സമിതി കൊവിഡിന്റെ ആരംഭ കാലം മുതൽ ഒട്ടേറെ സഹായങ്ങളാണ് ആളുകൾക്ക് നൽകി വരുന്നത്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ടി.വി, സ്മാർട്ട് ഫോൺ എന്നിവയും എത്തിച്ചു നൽകി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്ത് അംഗങ്ങളായ ബിജു വർണശാല, ശ്രീനി ചാണ്ടിശേരിൽ, ഡി.വൈ.എഫ്.ഐ കിടങ്ങന്നൂർ മേഖലാ സെക്രട്ടറി ആർ.സുധീഷ് ബാബു എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.