പന്തളം: മദ്യവിൽപ്പന ശാലകളിൽ നിന്ന് വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം പൊലീസ് പിടികൂടി. കീരുകുഴി പടുക്കോട്ടുക്കൽ ദിലീപ് ഭവനത്തിൽ ദീപുവിന്റെ വീട്ടിൽ നിന്നും ഇന്നലെ രാവിലെയാണ് 15 ലിറ്റർ വിദേശമദ്യം പിടികൂടിയത്. ഒരു ലിറ്ററിന്റെ എട്ടുകുപ്പിയും അരലിറ്ററിന്റെ 14 കുപ്പിയുമാണ് കണ്ടെടുത്തത്. ബ്രാൻഡിയും റമ്മുമാണ് വാങ്ങി സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് വിദേശമദ്യം പിടികൂടിയത്. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, സി.പി.ഒ.മാരായ ദിലീപ്, മിഥുൻ, അഖിൽ, ബിനു,ശ്രീരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.