തിരുവല്ല: വീടിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവ് നായ കടിച്ചു കൊന്നു. തിരുവല്ല മന്നംകരച്ചിറ ഷൈൻ വില്ലയിൽ എൽസി വർഗീസിന്റെ മൂന്ന് ആടുകളെയാണ് നായ കടിച്ചു കൊന്നത്. രണ്ട് തള്ള ആടിനെയും ഒരു കുട്ടിയാടിനെയുമാണ് നഷ്ടമായത്. മറ്റ് രണ്ട് തള്ളയാടിനും നായയുടെ ആക്രമത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പറമ്പിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് നായ കടിച്ചുകൊന്നത്. ആടുകളുടെ ബഹളം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. ഇവർക്ക് ആകെ എട്ട് ആടുകളാണ് ഉണ്ടായിരുന്നത്. മൃഗാശുപത്രി അധികൃതരെ വിവരമറിയിച്ചു. വർഷങ്ങളായി ആടുകളെയും പശുക്കളെയും വളർത്തിയാണ് ഇവരുടെ കുടുംബം ഉപജീവനം കഴിഞ്ഞിരുന്നത്.