മല്ലപ്പള്ളി : മദ്ധ്യതിരുവതാംകൂറിന്റെ വോളിബോൾ പെരുമ വാനോളമുയർത്തിയ ആദ്യകാല വോളീബോൾ താരം നെടുങ്ങാടപ്പള്ളി നെടുങ്ങാടപ്പള്ളി വീട്ടിൽ ജോർജ്ജ് തോമസ് (സ്‌പെയ്ക്കർ തങ്കച്ചൻ-73) അമേരിക്കയിൽ നിര്യാതനായി. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം 1962-ൽ വോളിബോൾ ടീമുണ്ടാക്കി വീടിന് തൊട്ടടുത്തുള്ള സ്‌കൂൾ മൈതാനത്ത് കളത്തിലിറങ്ങിയ തങ്കച്ചൻ പിന്നീട് നേട്ടങ്ങളുടെ നീണ്ട പട്ടിക സ്വന്തമാക്കി. നെടുങ്ങാടപ്പള്ളിയെന്ന സ്വന്തം വീട്ടുപേരുതന്നെ സ്ഥലനാമം ആയതിനാൽ വോളിബോൾ കമ്പക്കാർക്കിടയിൽ തങ്കച്ചൻ ഏറെ പരിചിതനായി. 1962-ൽ നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ ടീമിൽ നിന്ന് പ്രയാണം ആരംഭിച്ചു. 63 - 64 കാലഘട്ടത്തിൽ കോട്ടയം ജില്ലാ ജൂണിയർ ടീമിൽ ഇടംനേടി. 64 - 65 സംസ്ഥാന ജൂണിയർ ടീമംഅംഗമായിരിക്കെ ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ കേരളാ ടീം വിജയികളായി. 66-ൽ എയർഫോഴ്‌സിൽ ചേർന്ന തങ്കച്ചൻ ബെൽഗാമിലെ പരിശീലനത്തിന് ശേഷം ഡൽഹി വെസ്റ്റേൺ എയർ കമാൻഡിനുവേണ്ടി 68 - 71 വർഷങ്ങളിൽ കളത്തിലിറങ്ങി. ഈ മൂന്ന് വർഷവും ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അതേവർഷംതന്നെ ഇന്ത്യൻ എയർഫോഴ്‌സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ ഡൽഹി സ്റ്റേറ്റ് ടീമിനുവേണ്ടി ജേഴ്‌സിയണിഞ്ഞു. 1973-ൽ ജോഹർഹട്ടിൽ നടന്ന ഇന്റർ സർവീസസ് മത്സരങ്ങളിലെ മികച്ച പ്രകടനം തിരിച്ചറിഞ്ഞ സെലക്ഷൻ കമ്മിറ്റി സർവ്വീസസിലേക്ക് സെലക്ഷൻ കൊടുത്ത ഏകയാളാണ് തങ്കച്ചൻ. ടീമിലെ ഏറ്റവും വേഗതയേറിയ സ്‌പൈക്കർ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനായി. പിന്നീട് കളി കമ്പംവിടാതെ നാട്ടിലും മറുനാട്ടിലും വോളിബോളിന് ആഴത്തിലുള്ള വേരുണ്ടാക്കാൻ ഏറെപണിപ്പെട്ടു. ഔദ്യോഗിക വിരമിക്കലിന് ശേഷം അമേരിക്കയിലേക്ക് കുടിയേറിയ ജോർജ്ജ് തോമസ് അവിടെയും വോളിബോൾ പ്രേമികളെ സംഘടിപ്പിച്ചു. സംസ്‌കാരം പിന്നീട് അമേരിക്കയിൽ നടക്കും. ഭാര്യ : റാന്നി പാറോലിൽ കുടുംബാംഗം പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ - ലീസാ, ലെറി, ലെനി. മരുമക്കൾ : ഷോക്ക്‌ലീ തോമസ്, ആൻസി തോമസ്.