അടൂർ : കൊവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് വാട്സ്ആപ്പ് കൂട്ടായ്മയായ നല്ല കൂട്ടായ്മയുടെ കൈത്താങ്ങ്. കരാർ പണിക്കാരനായ പെരിങ്ങനാട് മുണ്ടപ്പള്ളി സന്തോഷ് ഭവനത്തിൽ സന്തോഷ് സോമരാജൻ ഒരുമാസം മുമ്പ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞതോടെ കുടുംബത്തിന്റെ ഏക വരുമാനം നിലച്ചു. അഞ്ച് സെന്റ് സ്ഥലത്ത് പൂർത്തീകരിക്കാത്ത വീട്ടിലാണ് ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇത്രയും നാൾ വാടക വീട്ടിലായിരുന്നു താമസം. ബാങ്ക് ലോണും കടവുമെടുത്താണ് പൂർത്തിയാകാത്ത വീടിന്റെ പണി നടത്തിയത്. സാമ്പത്തിക ബാദ്ധ്യതമൂലം നിത്യചെലവിന് പോലും വഴിയില്ലാതെ വലയുന്ന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയാണ് നല്ല കൂട്ടായ്മ അംഗങ്ങൾ അരലക്ഷം രൂപാ സമാഹരിച്ച് നൽകിയത്. നല്ല കൂട്ടായ്മ ചെയർമാൻ റോബിൻ ബേബി തുക കൈമാറി. ഒപ്പം ഭക്ഷ്യധാന്യങ്ങളും കൈമാറി. ഗ്രൂപ്പ് അഡ്മിൻ വിജയകുമാർ, ജോസ്, അനിൽ വാമദേവൻ എന്നിവർ സന്നിഹിതരായിരുന്നു.