മല്ലപ്പള്ളി: താലൂക്കിൽ കൊവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ജില്ലയിൽ മറ്റ് താലൂക്കുകളിൽ കൊവിഡ് വാക്‌സിൻ ലഭിക്കുന്ന തോതിൽ മല്ലപ്പള്ളി താലൂക്കിലും വാക്‌സിൻ ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി വാക്‌സിൻ വിതരണം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ആദ്യ ഡോസ് വാക്‌സിൻ പോലും ലഭിക്കാതെയും രണ്ടാം വാക്‌സിനായുള്ള കാത്തിരിപ്പ് ഏറെ നാളായി തുടരുകയാണ്. മുൻഗണനാ പട്ടികയിൽ വ്യാപാരികളെക്കൂടി ഉൾപ്പെടുത്താൻ അധികാരികൾ ശ്രമിക്കണം. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, തുടങ്ങിയവർക്ക് നിവേദനം നൽകി. നിലവിൽ ടി.പി.ആർ എട്ട് ശതമാനം താഴെയാണ്. ഇത് നിലനിറുത്താൻ വാക്‌സിൻ വിതരണം അത്യാവശ്യമാണ്. യൂണിറ്റ് പ്രസിഡന്റ് ഈ.ഡി.തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ഇ വേണുഗോപാൽ, രാജു കളപ്പുരയ്ക്കൽ, മനോജ് തേരടിയിൽ, ലാലൻ എം.ജോർജ് എന്നിവർ പ്രസംഗിച്ചു.