റാന്നി : ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കൊവിഡിനേക്കാൾ ഭീകരവും, മഹാമാരിയുമാണെന്ന് മാർത്തോമ്മ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഒഫ് ചർച്ച്‌സ് വിദ്യാഭ്യാസ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രചാരണത്തിനും ബോധവത്ക്കരണത്തിനുമായി സഭകളും പ്രസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭാ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മുഖ്യാപ്രഭാഷണം നിർവഹിച്ചു. കെ.സി.സി സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, നവജീവൻ കേന്ദ്രം ഡീഅഡിഷൻ സെന്റർ ഡയറക്ടർ റവ.മോൻസി പി.ജേക്കബ്, വെരി റവ.റോയി മാത്യൂസ് കോറെപ്പിസ്‌കോപ്പാ, കെ.സി.സി വർക്കിംഗ് കമ്മിറ്റിയംഗം ആലിച്ചൻ ആറൊന്നിൽ, പരിസ്ഥിതി കമ്മിഷൻ ചെയർമാൻ സ്മിജു ജേക്കബ്, ജാൻസി പീറ്റർ,ഫാ.ഷൈജു കുര്യൻ, സോൺ സെക്രട്ടറി ഫാ.ഷെറിൻ എസ്.കുറ്റിക്കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.