പന്തളം: രണ്ടു വർഷമായി സോഷ്യൽ മീഡിയയിലൂടെ തുമ്പമൺകാരിയായ യുവതിയെ ശല്യം ചെയ്തയാളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. തിരുവല്ല കുറ്റൂർ തൈമറവുങ്കര മോടിയിൽ എം.എസ്.വിനോദ് (49) ആണ് അറസ്റ്റിലായത്. കസ്റ്റംസിൽ ജോലിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചന നടത്തി തട്ടിപ്പു നടത്തുകയായിരുന്നു ഇയാൾ. ഫോൺ നമ്പർ വാങ്ങി വാട്സ് ആപിലും സോഷ്യൽ മീഡിയയിലും യുവതിയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് പന്തളത്തുനിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, എസ്.ഐ അനീഷ്, സി.പി.ഒ മാരായ അഖിൽ, സുഭാഷ് സഞ്ജയ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.