തണ്ണിത്തോട്: റബർ കർഷകർക്കിത് പുതിയ തൈകൾ വച്ച് പിടിപ്പിക്കുന്ന സമയമാണിത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് കർഷകർ പുതുതായി തോട്ടങ്ങളിൽ തൈകൾ വച്ച് പിടിപ്പിക്കുന്നത്. വിലയിടിവുമൂലം വിലയിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് മലയോര മേഖലയിലെ കർഷകർ കൂടുതലായി റബർ തൈകൾ ഇത്തവണ വച്ച് പിടിപ്പിച്ചു തുടങ്ങി. പല കർഷകരും മേയ് മാസത്തിൽ തന്നെ തൈകൾ നട്ടിട്ടുണ്ട്. കാലാവർഷത്തിനു മുന്നോടിയായി കിട്ടിയ മഴയും കർഷകർക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. കൂടത്തൈകളും കപ്പുതൈകളുമാണ് കർഷകർ കൂടുതലായി നടാൻ ഉപയോഗിക്കുന്നത്. രണ്ടും, മൂന്നും തട്ടുകളുള്ള തൈകളാണ് നടുന്നത്. റബർ നേഴ്‌സറികളിലും ഇത്തവണ തൈകൾ സജീവമായി. ഒരേ പ്രായത്തിലും വലിപ്പത്തിലുമുള്ള ഒരു വർഷത്തിൽ താഴെ പ്രായമുള്ള തൈകളാണ് കർഷകർ കൂടുതലായി വാങ്ങുന്നത്. കഴിഞ്ഞ വർഷം ലഭിച്ച വിത്തുകളിൽനിന്നു പാകി കിളിർപ്പിച്ചു ബഡ് ചെയ്ത തൈകളാണിവ.

തൈകൾ നടുമ്പോൾ പ്രത്യേക ശ്രദ്ധ

നടുമ്പോൾ മുകളിലെ തട്ടിലെ ഇലകൾക്ക് മൂപ്പുണ്ടായിരിക്കാനും കർഷകർ ശ്രദ്ധിക്കുന്നു. അല്ലെങ്കിൽ കൂടയിൽ നിന്നോ കപ്പിൽ നിന്നോ മാറ്റി തോട്ടത്തിലേക്ക് നടുന്ന സമയം ആഘാതം മൂലം തളിരിലകൾ വാടി പോകാൻ സാദ്ധ്യതയുണ്ട്.

തൈകൾ വാങ്ങാം

റബർ ബോർഡിന്റെ നേഴ്‌സറികളിൽ ഗുണനിലവാരമുള്ള തൈകൾ ലഭ്യമാണ്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെയും, എ,വി,ടി, യുടെയും തോട്ടങ്ങളിലെ നഴ്‌സറികളിലും തൈകൾ ലഭ്യമാണ്. റബർ ബോർഡിന്റെ റീജിയണൽ ഓഫീസുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തും തൈകൾ വാങ്ങാം. തൈകൾ നട്ട് ആദ്യത്തെ നാലു വർഷം കൃത്യമായ വളപ്രയോഗവും പരിപാലനവും ആവശ്യമാണ്. ഇടവിളയായി ഏത്തവാഴകൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ആദ്യത്തെ നാലു വർഷം കൃഷി ചെയ്യുന്ന കർഷകരുമുണ്ട്. വലിയ തോട്ടങ്ങളിൽ കൈതച്ചക്ക ഇടവിളയായി കൃഷി ചെയ്യുന്നു. മലയോരഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്ന് റബർ തൈകളെ രക്ഷിക്കാൻ തോട്ടത്തിന് ചുറ്റും മുള്ളുവേലികളും, സോളാർ വേലികളും കർഷകർ സ്ഥാപിക്കുന്നുണ്ട്. റബർ തൈകൾ വച്ച് കൃത്യമായി പരിപാലിച്ച് ഏഴാം വർഷം മുതലാണ് ടാപ്പ് ചെയ്തു ആദായം ലഭിച്ചു തുടങ്ങുന്നത്.