കൊടുമൺ : പുതുക്കിപ്പണിത കൊടുമൺ - അങ്ങാടിക്കൽ റോഡിന് രണ്ട് തരം വീതി. ഒരുഭാഗം ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച ശേഷം ബാക്കി അറ്റകുറ്റപ്പണിയിലൊതുക്കി. പൊതുമരാമത്തിന്റെ വിചിത്രമായ റോഡ് നിർമാണം നാട്ടിലാകെ ചർച്ചയാണ്.
റോഡിന്റെ ആകെ നീളം 5.220കിലോമീറ്ററാണ്. ഇതിൽ കൊടുമൺ മുതൽ ചിലന്തിയമ്പലം വരെയുള്ള 1.300 കിലോമീറ്റർ ഭാഗം 5.5 മീറ്റർ വീതിയിൽ ബി.എം ബി.സി പ്രകാരം ഉന്നത നിലവാരത്തിൽ പുനർനിർമിച്ചു. ഒരു കോടി രൂപയാണ് ചെലവായത്.
ബാക്കി ഭാഗത്തെ മൂന്ന് കിലോമീറ്റർ വരെ 5.5മീറ്ററിൽ വീതി കൂട്ടിയിട്ടുണ്ടെങ്കിലും ടാറിംഗ് നടത്തിയില്ല. ഇവിടെ അറ്റകുറ്റപ്പണി മാത്രമാണ് നടത്തിയിരിക്കുന്നത്. അവസാന ഭാഗത്ത് 3.5 മീറ്ററാണ് റോഡിന്റെ വീതി. ഇവിടെ കയ്യേറ്റം ഒഴിപ്പിച്ചിട്ടില്ല. അശാസ്ത്രീയവും വിചിത്രവുമായ റോഡ് നിർമാണത്തിനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാട്ടുകാർ പരാതിപ്പെട്ടതാണെങ്കിലും നടപടിയുണ്ടായില്ല.
കൊടുമൺ ഭാഗത്തെ പ്രധാന പൊതുമരാമത്ത് റോഡാണിത്. കൊടുമൺ മുതൽ അങ്ങാടിക്കൽ വരയാണ് റോഡ്. ഗവ. എൽ.പി.എസ്, സെന്റ് പീറ്റേഴ്സ് യു.പി.എസ്, മലങ്കര ചർച്ച്, പുത്തൻകാവിൽ ദേവീ ക്ഷേത്രം, വൈകുണ്ഠപുരം ക്ഷേത്രം, ചിലന്തിയമ്പലം, എസ്.എൻ.എെ.ടി, അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡുമാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആനയടി - കൂടൽ റോഡുമായി ബന്ധിപ്പിക്കുന്നുണ്ട്. കൊടുമൺ പ്ളാന്റേഷനിലേക്ക് പോകുന്ന റോഡ് കൂടിയാണിത്. റോഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് ഉന്നത നിലവാരത്തിൽ മുഴുവൻ ഭാഗവും പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' റോഡിന്റെ മുഴുവൻ ഭാഗവും 5.5മീറ്ററിൽ വീതി കൂട്ടി സഞ്ചാര യോഗ്യമാക്കണം.
വിഭു മാലാപ്പറമ്പിൽ
'' പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് റോഡ് അശാസ്ത്രീയമായി നിർമിച്ചത്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടി ഉന്നത നിലവാരത്തിൽ നിർമിക്കണം.
ടി.എൻ. വർഗീസ്, കൊച്ചരിക്കാപൊയ്കയിൽ