പന്തളം: പന്തളത്തു ഭൂമിയുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്ക് തയാറാക്കാൻ താമസിക്കുന്നത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നു. നിലം പുരയിടമാക്കാനായി 2017 മുതൽ ലഭിച്ച അപേക്ഷകളാണ് പന്തളം കൃഷിഭവനിലുള്ളത്. ആർ.ഡി.ഒ.യിൽ നിന്നു ലഭിച്ച അപേക്ഷകൾ വേറെയും. എല്ലാം കൂടി ആഞ്ഞൂറോളം അപേക്ഷകളാണുള്ളത്. ഇതിനെല്ലാം അടിയന്തരമായി തീർപ്പുണ്ടാകേണ്ടതാണ്. അതിനു ശേഷം അന്തിമമായ ഡേറ്റാ ബാങ്ക് തയാറാക്കണം. എല്ലാ കൃഷിഭവനിലും ഫീൽഡ് വെരിഫിക്കേഷൻ കഴിഞ്ഞ ശേഷമാണ് ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചത്. എന്നാൽ, പന്തളം കൃഷിഭവനിൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്റൽ സെന്ററിൽ നിന്നും സാറ്റലൈറ്റ് പിക്ചർ ആൻഡ് സബ് ഡിവിഷൻ തിരിച്ചുള്ള ഡേറ്റാ ലഭ്യമാക്കുവാനായി തുക അടച്ചെങ്കിലും ലഭിച്ചില്ല. സർവേ നമ്പർ പ്രകാരമുള്ള ഡേറ്റാ മാത്രമേ ലഭിച്ചുള്ളൂ. ഇപ്പോൾ ഓരോ കർഷകനും 1500രൂപ വീതം അടച്ച് ഉപഗ്രഹ ചിത്രം എടുക്കേണ്ട സ്ഥിതിയാണുള്ളത്. ഫീൽഡ് വെരിഫിക്കേഷൻ നടത്തുവാൻ നഗരസഭാദ്ധ്യക്ഷ, സെക്രട്ടറി, പന്തളം, കുരമ്പാല വില്ലജ് ഓഫീസർമാരെയും കൃഷിഭവനിൽ നിന്നും കത്തു വഴി അറിയിച്ചിരുന്നു. എന്നാൽ വില്ലേജ് ഓഫീസർമാർക്കു നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കു കാരണം കഴിഞ്ഞില്ല. പിന്നീടു കൊവിഡ് രണ്ടാം തരംഗവും പ്രളയവും വിലങ്ങായി. അടിയന്തര നടപടികൾ സ്വീകരിച്ച് കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമം നടന്നണമെന്ന ആവശ്യം ശക്തമാണ്.