പന്തളം: തുമ്പമൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐസൊലേഷൻ വാർഡിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 75ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡാണ് ഇവിടെ സജ്ജീകരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ച് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് 560കോടി രൂപ സംസ്ഥാനത്തൊട്ടാകെ അനുവദിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി,ജില്ലാ ആശുപത്രികളിലടക്കം ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതിനായി പഴയ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ബ്ലോക്കുതല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ തുമ്പമൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ ഒ.പി ബ്ലോക്ക് കൂടെ നിർമ്മിക്കും. ഇതിനായി മുപ്പത്തി ഏഴരലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിനായി മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും ചിറ്റയം ഗോപകുമാർ അറിയിച്ചു. തുമ്പമൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ ബ്ലോക്കുതല സെന്ററായി മാറുന്നതോടെ കൂടുതൽ സേവനം ഇവിടെ ലഭിക്കുമെന്നും ചിറ്റയം പറഞ്ഞു.