കോഴഞ്ചേരി : കനാൽറോഡ് തകർച്ച നാട്ടുകാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 6,7 വാർഡുകൾ ഉൾപ്പെടുന്ന തുണ്ടഴം ജംഗ്ഷൻ കൃഷി ഭവൻ റോഡാണ് നാളുകളായി തകർന്നു കിടക്കുന്നത്. പി. ഐ.പി ഇടതുകര കനാലിന്റെ സമീപത്തു കൂടിയാണ് റോഡ് കടന്നുപോകുന്നത്. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ നെല്ലിക്കാലായ്ക്കും തെക്കേമലയ്ക്കും മദ്ധ്യേയാണ് തുണ്ടഴം ജംഗ്ഷൻ. ഇവിടെ നിന്ന് നാരങ്ങാനം, ചേക്കുളം ഭാഗങ്ങളിലേക്ക് എളുപ്പമാർഗം ഉപയോഗിക്കാവുന്നതാണ്. തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുന്നതാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒരു വശത്ത് കനാലായതിനാൽ യാത്രക്കാരുടെ ഭീതി ഇരട്ടിക്കുന്ന അവസ്ഥയാണ്. കനാലിന്റെ സംരക്ഷണഭിത്തിയും പലയിടത്തും തകർച്ചയിലാണ്. കാട് വളർന്നു നിൽക്കുന്നതിനാൽ തിരിച്ചറിയാനാകുന്നുമില്ല.
--------------------
റീ ബിൽഡ്‌കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 8.50 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരണത്തിനും കനാലിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനും ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം നിർമ്മാണം ആരംഭിക്കും.
ടി.പ്രദീപ്കുമാർ
വൈസ് പ്രസിഡന്റ്,
മല്ലപ്പുഴശ്ശേരി പഞ്ചായത്ത്)
-മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 6,7 വാർഡുകൾ ഉൾപ്പെടുന്ന റോഡ്
-കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു
- കനാലിന്റെ സംരക്ഷണ ഭിത്തി തകർന്നു