കോഴഞ്ചേരി : വാഹനമോഷണക്കേസിൽ ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഏതാനും ദിവസം മുമ്പ് കുറിയന്നൂരിൽ നിന്ന് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി തട്ടിക്കൊണ്ടു പോയ കേസിലാണ് മൂന്നാം പ്രതിയായ ചെട്ടിമുക്ക് തകിടിപ്പുറത്ത് ദീപുവിനെ (30) കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിലെ ഒന്നും രണ്ടും പ്രതികൾ കുറിയന്നൂർ സ്വദേശികളായ മോൻസി, അക്കു എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുക്കാൻ ശ്രമിക്കവെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് മൂന്നാം പ്രതിയായ ദീപു കോയിപ്രം സ്റ്റേഷനിൽ എത്തുകയായിരുന്നു. കുറിയന്നൂർ കൊക്കാവള്ളിൽ ജോണിയുടെ ഉടമസ്ഥതയിലുള്ള ലോറി മൂവർ സംഘം പുളിമുക്ക് ജംക്ഷനിൽ തടഞ്ഞു നിറുത്തി ഡ്രൈവറെ പുറത്തിറക്കിയ ശേഷം കടത്തിക്കൊണ്ടു പോകുകയായിരുന്നു. ക്രഷറിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോകുകയാണെന്നാരോപിച്ചാണ് പ്രതികൾ വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ ഡി.ഗോപിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.