റാന്നി : കുടിവെള്ള പൈപ്പിടലിന് വേണ്ടി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡു ഭാഗങ്ങൾ പണികഴിഞ്ഞ ശേഷവും കുഴി മൂടാതെ കിടക്കുന്നത് അപകടക്കെണിയാകുന്നു. ദിവസവും ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. പരാതിയുയർന്നിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല. അങ്ങാടി ഗ്രാമ പഞ്ചായത്തിൽ സെന്റ് തോമസ് ക്നാനായ വലിയ പള്ളിയുടെ മുന്നിലൂടെ കടന്നുപോകുന്ന റാന്നി- തിരുവല്ല റൂട്ടിൽ രൂപപ്പെട്ട കുഴിയാണ് നാട്ടുകാരെ വലക്കുന്നത്. ഉന്നത നിലവാരത്തിൽ ടാറിംഗ് ചെയ്ത് റോഡ് ദിവസങ്ങൾക്കു മുൻപ് തന്നെ വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച് പുതിയ പൈപ്പിടുകയായിരുന്നു. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും നിർമ്മാണം തീരാതെ കിടക്കുകയാണ്. ആഴ്ച തോറും നാട്ടുകാർ പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിക്കുമ്പോൾ അപകടം നടക്കുന്ന കുഴികളിൽ കുറെ പച്ച മണ്ണ് വാരി കൊണ്ടിടുകയാണ് അധികൃതർ. മഴയത്ത് ഇത് ഒലിച്ചു പോകാനും അപകടം വരുത്തി വയ്ക്കാനും സാദ്ധ്യത ഏറെയാണ്.
പ്രതിഷേധവുമായി നാട്ടുകാർ
ഇന്നലെയും നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ടു കണ്ടു പരാതി ബോധിപ്പിച്ചിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടിയിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. മേനാ തോട്ടം ആശുപത്രി പടി മുതൽ മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി പടി ഭാഗം വരെ ഇതേ പോലെ വെട്ടിപ്പൊളിച്ച റോഡിലെ കുഴി മൂടാഞ്ഞതു മൂലം അപകടത്തിന് കാരണമാകുന്നുണ്ട്.
-----------
-ഉന്നത്ത നിലവാരത്തിൽ പണിത റോഡ്
-വെട്ടിപ്പൊളിച്ചിട്ട് രണ്ട് മാസം
-അപകടങ്ങൾ പതിവ്
----------
അടിയന്തരമായി റോഡിലെ കുഴികളടച്ച് നിർമ്മാണം പൂർത്തിയാക്കാൻ വാട്ടർ ആതോറിറ്റി അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. നിരവധി വാഹനങ്ങൾ പോകുന്ന ഇവിടെ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
(നാട്ടുകാർ)