vayal-nikhathal-
Vayal Nikhathal

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്ലാച്ചേരി കോന്നി റീച്ചിലെ റോഡുപണിയുടെ മറവിൽ, റാന്നി - ചെല്ലക്കാട് മുതൽ മക്കപ്പുഴ വരെ വയൽ മേഖലയിൽപെട്ട നിലം നിരത്തപ്പെട്ടതു സംബന്ധിച്ചുയർന്ന പരാതിയിൽ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കളക്ടർ സന്തോഷ് കുമാറും സംഘവും സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് നിലവും തോടുകളും നികത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ചു. ഇതിൻ പ്രകാരം പഴവങ്ങാടിയിലെ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം നികത്തിയതുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി .എന്നാൽ ഭൂഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കരാർ കമ്പനിയാണ് നിലംനികത്തിയതെന്നും ഇവർക്കെതിരെ പരാതിപ്പെടുമെന്നുമാണ് സ്ഥലം ഉടമയുടെ പക്ഷം. സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കളക്ടർ നടപടിയെടുത്ത് ഉടൻ റിപ്പോർട്ട് നൽകാൻ റാന്നി തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ജൂനിയർ സൂപ്രണ്ട് സജീവ്, പഴവങ്ങാടി വില്ലേജ് ഓഫീസർ രഞ്ജിനി എന്നിവരും ഉണ്ടായിരുന്നു .പഴവങ്ങാടി വില്ലേജിൽ ചെല്ലക്കാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മണ്ണിട്ടു നികത്തിയതു കാരണം അയൽവസ്തു ഉടമ പരാതിയുമായി റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നു. പിന്നീട് ഈ പരാതി പിൻവലിച്ചു. ചെല്ലക്കാട് മണ്ണിൽ എം.എം ജോണാണ് റാന്നിയിലെ റവന്യൂ ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടക്കും പരാതി നൽകിയത്. തൊട്ടടുത്തുള്ള വസ്തു മണ്ണിട്ട് നികത്തിയതു കാരണം പുരയിടത്തിലെ കൃഷികളും നാലടി വീതിയുണ്ടായിരുന്ന വഴിയും അടഞ്ഞതായും പരാതിയിൽ പറഞ്ഞിരുന്നു. സംസ്ഥാന പാതയുടെ പണികൾ ആരംഭിച്ചതുമുതൽ വയൽ നികത്തപ്പെടുന്നതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ല എന്ന ആരോപണം ഉണ്ടായിരുന്നു.