അടൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി ഗ്ളോബൽ അടൂർ എന്ന സോഷ്യൽ മീഡിയാ കൂട്ടായ്മ. ചൂരക്കോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഏഴ് ഫോണുകളാണ് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് നൽകിയത്. ഹെഡ്മിസ്ട്രസ് ബുഷ്റ ടീച്ചർ സഹായം അഭ്യർത്ഥിച്ച് കൂട്ടായ്മക്ക് കത്തു നൽകിയതിനെ തുടർന്നായിരുന്നു നടപടി. ഈ കത്ത് ഗ്ളോബൽ അടൂരിന്റെ ഫെയ്സ് ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തോടെ നിരവധിപ്പേർ സഹായഹസ്തവുമായി മുന്നോട്ടുവന്നു. ഈ തുക ഉപയോഗിച്ച് വാങ്ങിയ ഏഴ് സ്മാർട്ട് ഫോണുകൾ ഗ്രൂപ്പിന്റെ അഡ്മിൻമാരായ അടൂർ പ്രദീപ്, വിബി വർഗീസ് എന്നിവർ ഇന്നലെ സ്കൂളിലെത്തി പ്രഥമ അദ്ധ്യാപിക ബുഷ്റക്ക് കൈമാറി. ഈ കൂട്ടായ്മ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ വിദ്യാർത്ഥികളുടെ പഠനത്തിനായി 10 മൊബൈൽ ഫോണുകൾ, ഒരു ടി.വി, അടൂരിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 58 പൾസ് ഓക്സീമീറ്ററുകളും ലഭ്യമാക്കി.