അടൂർ: നഗരഹൃദയിലെ അടൂർ ശ്രീമൂലം മാർക്കറ്റിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള കരാർ ജൂലൈ 15ന് ഉറപ്പിക്കും. കിഫ്ബി പദ്ധതിയിൽ നിന്ന് 2.3 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പദ്ധതി പൂർത്തിയാകുന്നതോടെ എല്ലാ സൗകര്യങ്ങളോടും കൂടിയ മാർക്കറ്റായി ഇതുമാറും. 24 മത്സ്യ സ്റ്റാളുകൾ, 22 കടമുറികൾ എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിക്കും. കടമുറികളിൽ പച്ചക്കറി അടക്കം വിൽപ്പന നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിഷ്സ്റ്റാൾ,പച്ചക്കറി സ്റ്റാൾ, ഇറച്ചി കച്ചവടം അടക്കം പ്രത്യേക സൗകര്യത്തിലാണ് ക്രമീകരണം. ഒപ്പം ഡ്രെയിനേജ് സൗകര്യവും ഒരുക്കുന്നതിനൊപ്പം നിലവിൽ മാർക്കറ്റിന് നടുവിലായി നിൽക്കുന്ന അൽമരം നിലനിറുത്തികൊണ്ടുതന്നെ മാർക്കറ്റിന് പൂർണമായും മേൽക്കൂരയും സ്ഥാപിക്കും. ഭരണാനുമതി ലഭിച്ചിട്ടും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുൻകൈയെടുത്ത് യോഗം വിളിച്ചു ചേർത്തത്. നഗരസഭ ചെയർമാൻ ഡി.സജി,നഗരസഭാ സെക്രട്ടറി ആർ.കെ.ദീപേഷ്, ഫിഷറീസ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. തീരദേശ വികസന അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഷൈലു ഐ.ജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ചിത്ര അയ്യർ, നഗരസഭ സെക്രട്ടറി ദീപേഷ് ആർ.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കിഫ്ബി സി.ഇ.ഒ ഷൈല ടെലികോൺഫ്രറൻസിംഗിലൂടെയും യോഗത്തിൽ പങ്കെടുത്തു.