കോന്നി : റിപ്പബ്ലിക്കൻ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ അദ്ധ്യയനവർഷത്തെ വായന വാരാഘോഷം ഓൺലൈൻ പ്ലാ​റ്റ്‌ഫോമിൽ സംഘടിപ്പിച്ചു. അക്ഷരായനം 2021 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വ്യത്യസ്ത അവതരണശൈലിയിലൂടെ ശ്രദ്ധേയമായി. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുക, വായനയുടെ സംസ്‌കാരം അവരിൽ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വായനവാരം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടു നിന്ന പരിപാടിയിൽ സ്‌കൂളിലെ മുഴുവൻ കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും, പൊതുസമൂഹത്തെയും ഉൾപ്പെടുത്തി. ക്ലാസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും, ഫേസ് ബുക്കിലൂടെയും ഒരേസമയം വീക്ഷിക്കത്തക്കവിധമാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓരോ ദിവസവും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. മജിഷ്യൻ ഗോപിനാഥ് മുതുകാട്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ഗ്രാൻഡ് മാസ്​റ്റർ ഡോ.ജി.എസ്.പ്രദീപ്, മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ, ചലച്ചിത്ര നടൻ പ്രേംകുമാർ, എസ്.എസ്.കെ.ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.