അടൂർ : ബി.എസ്.എൻ.എൽ ഇന്റർനെറ്റ് കേബിൾ മുറിച്ചു നശിപ്പിക്കുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്ത കേസിലെ പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ. ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ് (50), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് വർഗീസ് (18) എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ പേരിൽ പറക്കോട് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കേബിൾ സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പുകാരനാണ് ജിജി ഫിലിപ്പ്. ഇൗ സ്ഥാപനത്തിലെ തൊഴിലാളിയാണ് അനൂപ്. ബി.എസ്.എൻ.എല്ലിനുവേണ്ടി ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന ആസ്പെയർടെക് സെല്യൂഷൻസ് ആൻഡ് അക്ഷയ സി. എസ്. സി എന്ന എന്ന സ്ഥാപനത്തിന്റെ കേബിളുകളാണ് നശിപ്പിച്ചത്. കൊടുമൺ സ്വദേശിയായ രാഹുൽ കൃഷ്ണന്റേതാണ് സ്ഥാപനം. ഏഴംകുളത്തും പരിസര പ്രദേശങ്ങളിലുമായി വലിച്ചിരുന്ന കേബിളുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ പത്ത് തവണ മുറിച്ച് നശിപ്പിച്ചു. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജിജി ഫിലിപ്പും അവരുടെ കേബിൾ ടി.വി സംവിധാനങ്ങളിലൂടെ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നുണ്ട്. ബി.എസ്.എൻ.എല്ലിന്റെ നേരിട്ടുള്ള ഏജന്റായതിനാൽ രാഹുൽകൃഷ്ണന്റെ കേബിളിന് സ്വീകാര്യത കൂടുകയും ഒന്നാം പ്രതിയുടെ ഇന്റർനെറ്റ് കണക്ഷനിൽ കുറവുണ്ടാവുകയും ചെയ്തതാണ് കേബിൾ നശീകരണത്തിന് കാരണമായത്. 2020 ഏപ്രിൽ 18 നാണ് ആദ്യമായി കേബിൾ മുറിച്ചുമാറ്റിയത്. ഇതു സംബന്ധിച്ച് രാഹുൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നിരവധിപ്പേരെ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ കേബിൾ നല്ലൊരുപങ്കും മുറിച്ചുകടത്തുകയും ചിലഭാഗങ്ങൾ നശിപ്പിക്കുകയുമായിരുന്നു. ഒാൺലൈൻ പഠനം നടക്കുന്നതിനാൽ കണക്ഷൻ ലഭിക്കാതെ കുട്ടികളും രക്ഷിതാക്കളും വലഞ്ഞു. തങ്ങളുടെ പ്രദേശത്തെ കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ചുകളയുന്നു എന്ന പരാതിയുമായി രക്ഷിതാക്കളും പൊലീസിനെ സമീപിച്ചതോടെ അന്വേഷണം ഉൗർജ്ജിതമാക്കി. ഇതിനിടെ കഴിഞ്ഞ ദിവസവും കേബിൾ നശിപ്പിച്ചു. ഏഴംകുളം പാലമുക്ക്, ഏഴംകുളം, പറക്കോട് ബ്ളോക്ക് ഒാഫീസ് റോഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം പ്രതികളുടെ ദൃശ്യങ്ങൾ സി.സി. ടി.വിയിൽ പതിഞ്ഞതും സാക്ഷി മൊഴികളും കണക്കിലെടുത്താണ് ജിജി ഫിലിപ്പിനെയും അനൂപിനേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി രാഹുൽ കൃഷ്ണ പറഞ്ഞു. കേബിളിനൊപ്പം കണക്ടർ, വിലപിടിപ്പുള്ള മറ്റ് ഉപകരണങ്ങൾ എന്നിവയും കവർന്നു. മുറിച്ച് കടത്തിയ കേബിളുകളും പൊലീസ് കണ്ടെത്തി. പ്രതികളെ അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.