തിരുവല്ല: ആധുനിക സാങ്കേതിക വിദ്യയിലൂടെ കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. ഏറെനാളായി കൊവിഡും ലോക് ഡൗണും തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഇടവകയും പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ഓൺലൈനായി മാറ്റുന്നത്. ദൈനംദിന ആരാധന, സംഘടനകളുടെ വിവിധ യോഗങ്ങൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഡിജിറ്റൽ പാരീഷ് ഡയറക്ടറി ഉൾപ്പടെ ലഭ്യമാകുന്ന മൊബൈൽ ആപ്പ്, വെബ് സൈറ്റ്, കമ്പ്യൂട്ടർ സംവിധാനം, ഡിജിറ്റൽ സണ്ടേസ്‌കൂൾ ക്ലാസുകൾ എന്നിവയാണ് തുടക്കത്തിൽ നടപ്പാക്കുന്നത്. ഇതിനായി ഇടവകയിലെ വിദേശത്തുള്ള പൂർവ യുവജന സഖ്യാംഗങ്ങളുടെ സഹകരണവും ലഭിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവഹിക്കും. ഇടവക വികാരി റവ.ഏബ്രഹാം വറുഗീസ് അദ്ധ്യക്ഷത വഹിക്കും.റവ.ഡോ.സി.എം. വറുഗീസ്, റവ.ജോസ്.പി.ഏബ്രഹാം, റവ.സനൽ ചെറിയാൻ, റവ.ജിജി മാത്യൂസ് എന്നിവർ പ്രസംഗിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം മെത്രാപ്പോലീത്താ നിർവഹിക്കും. പരിപാടിയും ഓൺലൈനായി സജ്ജമാക്കിയിട്ടുണ്ട്.