പന്തളം: പന്തളം നഗരസഭയിൽ 80,37,97,673 രൂപ വരവും, 75,30,65,683 ചിലവും, 5,07,31,940 മിച്ചവുമുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപാദ്ധ്യക്ഷ യു.രമ്യയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ആരോഗ്യ മേഖല, ഭവന പദ്ധതി, റോഡ് വികസനം, ക്ഷേമപെൻഷനുകൾ, തൊഴിലുറപ്പ്, കുടിവെള്ളം, കൃഷി, ദുരന്തനിവാരണം എന്നിവയ്ക്കു മുൻഗണന നൽകിയിട്ടുണ്ട്. പന്തളത്ത് ജനറൽ ആശുപത്രി തുടങ്ങുന്നതിനായി സ്ഥലം വാങ്ങി നല്കും. ആരോഗ്യപരിപാലനത്തിനും കൊവിഡ് പ്രതിരോധത്തിനും ഒന്നരക്കോടി രൂപ. പ്രധാനമന്ത്രി ആവാസ് യോജനലൈഫ് പദ്ധതിയ്ക്ക് 12 കോടി രൂപ, റോഡുകൾക്ക് 5.40 കോടി, ക്ഷേമപെൻഷനുകൾക്ക് 8.42 കോടി, തൊഴിലുറപ്പ് 5.5 കോടി, കുടിവെള്ളം 1.20 കോടി, കൃഷി അനുബന്ധ മേഖലയ്ക്ക് 1.41 കോടി, വെള്ളപ്പൊക്ക നിയന്ത്രണം, ദുരന്ത നിവാരണം 1.5 കോടി, ബയോഗ്യാസ് പദ്ധതി, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ഒരു കോടി രൂപ വീതം. പട്ടികജാതി ക്ഷേമം (3.40 കോടി), ദേശീയ നഗര ഉപജീവന ദൗത്യം, വനിതാ ക്ഷേമം (80 ലക്ഷം വീതം), തെരുവുവിളക്കു പരിപാലനം (65 ലക്ഷം), അങ്കണവാടികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വിദ്യാഭ്യാസ മേഖല (50 ലക്ഷം വീതം), ദാരിദ്യ ലഘൂകരണം (48 ലക്ഷം), ഭിന്നശേഷിക്കാർക്ക് 41 ലക്ഷം, വയോജന ക്ഷേമം (36 ലക്ഷം) എന്നിവയ്ക്കും ബഡ്ജറ്റിൽ പ്രാധാന്യം നല്കുന്നു. പൊതുശ്മശാനം നിർമ്മിക്കുന്നതിനു പദ്ധതി തയാറാക്കും. വലിയകോയിക്കൽ ക്ഷേത്രം, ആതിരമല, മാവര, ചിറമുടി, തലക്കോട്ടുചിറ, ആമപ്പുറം എന്നിവിടങ്ങൾ സംയോജിപ്പിച്ച് പിൽഗ്രിം ടൂറിസം പദ്ധതി നടപ്പാക്കും. ഫയർസ്റ്റേഷനും മിനി സിവിൽ സ്റ്റേഷനും നിർമ്മിക്കാൻ സ്ഥലം വാങ്ങി സർക്കാരിന് കൈമാറും. നഗരസഭയ്ക്കു പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്ബി പദ്ധതി പ്രകാരം 15 കോടി രൂപയും വകയിരുത്തി. നഗരസഭയിലെ 11 സ്‌കൂളുകൾക്ക് ഓരോ സ്മാർട്ട് ഫോണുകൾ വാങ്ങി നല്കി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് ആർ.രേഖ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞു ജോൺ എന്നിവർ പ്രസംഗിച്ചു.