പത്തനംതിട്ട : അട്ടച്ചാക്കൽ - ചെങ്ങറമുക്ക് റോഡിൽ കയറൂരി വിട്ട വളർത്ത് മൃഗങ്ങളുടെ സ്വൈര വിഹാരം യാത്രക്കാർക്ക് നിരന്തരം ബുദ്ധിമുട്ടാവുന്നു. 25 കോടിയിലേറെ രൂപ മുടക്കി ഉന്നത നിലവാരത്തിൽ ടാർ ചെയ്ത ഈ പാതയിലുടെ ഇപ്പോൾ ഗതാഗതം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. വടശേരിക്കര, റാന്നി, മലയാലപ്പുഴ, പെരുനാട്, എന്നീ പ്രദേശങ്ങളിൽ നിന്ന് കോന്നിയിലെത്താൻ ഈ പാത എളുപ്പവഴിയാണ്. പുതുക്കുളം മുതൽ ചെങ്ങറ വരെയുള്ള ഹാരിസൺ മലയാളം കമ്പനി വക തോട്ടത്തിലെ റോഡിലാണ് ആടുമാടുകൾ തീറ്റയെടുത്ത ശേഷം വിശ്രമിക്കുന്നത്. റബ്ബർ തോട്ടത്തിലെ ഏത് വളവുകൾക്കപ്പുറവും കന്നുകാലി ഉറപ്പെന്ന ചിന്തയിൽ വണ്ടിയോടിച്ചിലെങ്കിൽ അപകടം സംഭവിക്കാം. തോട്ടത്തിലെ കൈത കൃഷിക്കാർ പാട്ടത്തിനെടുത്ത സ്ഥലത്ത് വൈദ്യുതി വേലി സ്ഥാപിച്ചതുമൂലം കടവുപുഴ ആറു നീന്തികടന്നാണ് പശുക്കൾ മേയുന്നത്.