കിടങ്ങന്നൂർ : പത്തനാപുരം പിറവന്തൂരിൽ അലഞ്ഞു നടന്ന രഘുവരനെ (65) പത്തനാപുരം കരുണാലയം ഏറ്റെടുത്തു. മാതാപിതാക്കളുടെ മരണശേഷം ഒറ്റപ്പെട്ട രഘുവരൻ പകൽ മുഴുവൻ അലഞ്ഞു നടന്ന് കടകളിൽ നിന്നു ലഭിച്ചിരുന്ന ഭക്ഷണം കഴിച്ച് രാത്രി പിറവന്തൂർ പ്രൈമറി സ്‌കൂളിന്റെ എതിർവശത്ത് ബന്ധു വീടിന്റെ ഷെഡിനുള്ളിലാണ് കിടന്നിരുന്നത്. നാട്ടുകാർ സ്‌നേഹ ഭാരത് മിഷൻ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ബ്ളോക്ക് പഞ്ചായത്തംഗം പത്തനാപുരം കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ വിവരമറിയിച്ചു. ഇതേ തുടർന്ന് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാനും സഹപ്രവർത്തകരും പിറവന്തൂർ എത്തി രഘുവരന്റെ അവസ്ഥ മനസിലാക്കി. തുടർന്ന് സ്‌നേഹാഭാരത മിഷൻ ചെയർമാൻ ഫാത്തിമ ഖാൻ, സെക്രട്ടറി ശിവദാസൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ആരോമൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അജിത പഞ്ചായത്ത് മെമ്പറായ ഷേർലി, ഭാരത് മിഷൻ പ്രവർത്തകരായ മുൻ സബ്ഇൻസ്‌പെക്ടർ ഷെരീഫ്, സ്‌നേഹാഭാരത മിഷൻ പ്രവർത്തകരായ അജിതകുമാരി, സുബി ചേകം, നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് രഘുവരന്റെ സംരക്ഷണം ഏറ്റെടുത്തു.