തിരുവല്ല: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വളർത്തി നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരുമല യൂണിറ്റ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൊവിഡ് കാലഘട്ടത്തിൽ ഇതിനുള്ള ഗൂഢശ്രമങ്ങൾ ചില ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. നാടിന്റെ തകർച്ചയിലേക്കാണ് ഇത് നയിക്കുക. പ്രാഥമിക ക്ലാസുകൾ മുതൽ തന്നെ കുട്ടികളിൽ ശാസത്രീയബോധവും മനോഭാവവും വളർത്താനുള്ള പാഠ്യപദ്ധതിയും വിനിമയതന്ത്രങ്ങളും സർക്കാർ നടപ്പിലാക്കണം. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിലാണ് ഈ അഭിപ്രായങ്ങൾ രൂപപ്പെട്ടത്. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിഷയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി ബെന്നി മാത്യു, പ്രസിഡന്റ് വി.എൻ ശർമ്മ, പ്രൊഫ.എം.എൻ ലക്ഷ്മണൻ, ഡോ.ഷീജ, പ്രജിത് പ്രസന്നകുമാർ, മഹേഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശ്രുതി പവനൻ (പ്രസിഡന്റ് ), വിനോയ് കുട്ടൻ (സെക്രട്ടറി), വിപിൻ വിശ്വനാഥ് (വൈസ് പ്രസിഡന്റ് ) ലിസമ്മ വർഗീസ് (ജോ. സെക്രട്ടറി), ദിൽദീപ് ചന്ദ്രൻ (ട്രഷറാർ) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.