പന്തളം: വരുമാനം കുറവാണെങ്കിലും വികസന പ്രവർത്തനങ്ങളുമായി തുമ്പമൺ ഗ്രാമപഞ്ചായത്ത്മുന്നോട്ടു പോകുകയാണെന്ന് പ്രസിഡന്റ് റോണി സഖറിയ വാർത്താ സമ്മേളനത്തിലറിയിച്ചു. ഭവന നിർമ്മാണത്തിനാണ് മുൻതൂക്കം നല്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനലൈഫ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 പേർക്ക് വീട് നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. 20ബി.പി.എൽ കുടുംബങ്ങളുടെ തകർന്ന ശുചിമുറികൾ പുനർനിർമ്മിച്ചു നല്കി. ജലജീവൻ പദ്ധതിയിൽ 329 പേർക്ക് വാട്ടർ കണക്ഷൻ നല്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്രാമശ്രീ കോഴിഫാമും പ്ലാസ്റ്റിക് ബദൽ ഉത്പന്ന യൂണിറ്റും പ്രവർത്തനമാരംഭിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നു പ്രതിമാസം 1400 കിലോ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിയ്ക്കു നല്കുന്നു. നടപ്പു സാമ്പത്തിക വർഷം 54.16 ലക്ഷം രൂപയാണ് 12 പൊതുമരാമത്ത് പ്രവർത്തികൾക്ക് വകകൊള്ളിച്ചിട്ടുള്ളത്. ഇതിൽ 12 എണ്ണത്തിനും ടെൻഡർ ക്ഷണിച്ചു. വനിതാ ക്ഷേമത്തിന് സ്വയംതൊഴിൽ പദ്ധതികൾക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വയോജനക്ഷേമത്തിനും രോഗികൾക്കുമായി പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കുകയും ഭിന്നശേഷിയുള്ള കുട്ടികൾക്കു സ്‌കോളർഷിപ്പും ബത്തയും നല്കുന്നതിനുള്ള പദ്ധതിയും ഏറ്റെടുത്തു. തൊഴിലുറപ്പു പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവിൽ മാവര തോടിന്റെ പാർശ്വഭിത്തി ഭൂവസ്ത്രം ഉപയോഗിച്ചു ബലപ്പെടുത്തും. പച്ചത്തുരുത്ത് പദ്ധതിയാൽ മുട്ടം എൽ.പി സ്‌കൂളിൽ 75 ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങൾ നട്ട് ഔഷധത്തോട്ടമൊരുക്കി. 1.5 കോടി രൂപ ചെലവിൽ മുഴുക്കോട് ചാൽ ആഴം കൂട്ടി നവീകരിച്ചു 2.5 ഏക്കർ സ്ഥലം കെട്ടി സംരക്ഷിച്ച് ബോട്ടിംഗ് ഏർപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനും ശ്രമിക്കുകയാണ്. കൊവിഡിന്റെ വ്യാപന നിരക്ക് കുറയ്ക്കുവാൻ കഴിഞ്ഞു. നാലു സ്‌കൂളുകളിലായി മുപ്പതോളം കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. കഴിഞ്ഞ രണ്ടു വർഷമായി ഏറ്റവും നല്ല പഞ്ചായത്തായി തുമ്പമൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 10ലക്ഷം രൂപ വീതമാണ് അവാർഡായി ലഭിക്കേണ്ടത്. ഇതു വരെയും തുക ലഭിച്ചിട്ടില്ല. ജനസംഖ്യയും നികുതി വരുമാനവും കുറവായതിനാൽ പഞ്ചായത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നും പ്രസിഡന്റ് പറഞ്ഞു. പന്തളം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷും പങ്കെടുത്തു.