പത്തനംതിട്ട: ലോക്ഡൗണിനെ തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരിക്കുന്ന ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ജിം ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ 11ന് കളക്ട്രേറ്റിന് മുന്നിൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർണ ആന്റോ ആൻണി എം. പി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ചെറുതും വലുതുമായ 185 ഓളം ജിം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് . കൂടാതെ ഈ സ്ഥാപനങ്ങളിലായി 300 ഓളം ഫിറ്റ്‌നസ് ട്രയിനർമാരുംജോലി ചെയ്യുന്നുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വവരുമാനംകൊണ്ടാണ് ഇവർ ജീവിക്കുന്നത് . വരുമാന മാർഗങ്ങൾ നിലച്ചതോടെ എല്ലാവരും കഷ്ടപ്പെടുകയാണ്. ഭൂരിഭാഗം പേർക്കും ലോണും മറ്റ് കട ബാദ്ധ്യതകളുമുണ്ട്. സെന്ററുകളുടെ വാടക കുടിശിഖ നൽകാൻ പോലും നൽകാൻ കഴിയാത്ത സാഹചര്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഒരേ സമയം കുറഞ്ഞത് 10 പേരെയെങ്കിലും വെച്ച് സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി. സി. അരുൺകുമാർ, ജില്ലാ സെക്രട്ടറി പ്രശാന്ത് ജി , പ്രസിഡന്റ് രാജേഷ് ജോൺ, കൺവീനർ ലിജു വർഗീസ്, ട്രഷറർ ബിജോയ് കുറിയാക്കോസ് എന്നിവർ പെങ്കടുത്തു.