പത്തനംതിട്ട: കടമ്പനാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടറെ സസ്‌പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വ്യക്തിവിരോധം മൂലമാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും യു.ഡി.എഫ് വാർഡ് മെമ്പർമാരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതിയുള്ളപ്പോൾ 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് വ്യവസ്ഥകൾ ലംഘിച്ച് വാക്‌സിൽ സ്വീകരിച്ചു. ഈ വിവരം നാട്ടുകാർ അറിഞ്ഞതോടെയാണ് പ്രസിഡന്റിന് ഹെൽത്ത് ഇൻസ്‌പെക്ടറോട് വൈരാഗ്യം തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കാേൾ ലംഘിച്ച് സി.പി.എം പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയും അടച്ചു. ജില്ലാ ഭരണകൂടം ഇടപെട്ടാണ് വഴി തുറന്ന് കൊടുപ്പിച്ചത്. പിന്നീട് പ്രസിഡന്റും ഒരു അംഗവും ചേർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിൽ അതിക്രമിച്ച് കയറി ജോലി തടസപ്പെടുത്തി. മെഡിക്കൽ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട വെക്കാതെ പ്രസിഡന്റ് ഹെൽത്ത് ഇൻസ്പ്ക്ടറെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പിന്നീട് വാക്‌സിൻ വിതരണത്തിന്റെ നിയന്ത്രണം പ്രസിഡന്റ് ഏറ്റെടുത്തു. ഇഷ്ടക്കാർക്ക് വാക്‌സിൻ വിതരണം ചെയ്തു. കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിൽ വാക്സിൻ വിതരണം ചെയ്യാൻ അനുവദിച്ചില്ല. രണ്ടാഴ്ചയായി പഞ്ചായത്ത് പടിക്കൽ നടന്നു വരുന്ന സമരം അവസാനിപ്പിക്കാൻ ചർച്ച നടത്താൻ പ്രസിഡന്റ് തയാറായിട്ടില്ലെന്ന് അംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ, വാർഡ് അംഗങ്ങളായ മാനപ്പള്ളി മോഹൻ,കെ. ജി. ശിവദാസൻ, ടി .പ്രസന്നകുമാർ എന്നിവർ പെങ്കടുത്തു.