vellappalli

പത്തനംതിട്ട : സംഘടിത മതശക്തികൾ അധികാരം ഹൈജാക്ക് ചെയ്യുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹം നോക്കുകുത്തികളാകുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ സംയുക്ത യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതർ അസംഘടിതർക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ല. അധികാരവും സമ്പത്തും സംഘടിതരുടെ കുത്തകയായി മാറുമ്പോൾ ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൗരാവകാശ പോരാട്ടം നടത്തേണ്ട ഗതികേടിലേക്കാണ് നാം നീങ്ങുന്നത്. ഇങ്ങനെ വരാതിരിക്കാൻ സാമുദായിക ശക്തി

സമാഹരണത്തിലൂടെ മഹാഗുരു വിഭാവനം ചെയ്ത സാമൂഹിക നീതിയ്ക്കായുള്ള പോരാട്ടത്തിന് സജ്ജരാകണം. മഹാഗുരുവിന്റെ തൃക്കരങ്ങളാൽ രൂപീകൃതമായ യോഗത്തെ തകർക്കുവാനോ തളർത്തുവാനോ പിളർത്തുവാനോ ഒരു ശക്തിക്കും കഴിയില്ല. പരമഗുരുവിന്റെ നിറസാന്നിദ്ധ്യം എന്നും യോഗത്തിനുണ്ട്. അതാണ് യോഗത്തിന്റെ വഴിയും വഴികാട്ടിയും നിത്യവെളിച്ചവും. മനുഷ്യത്വമാണ് ഗുരുവിന്റെ മഹിത ദർശനം. ആ മഹിത ദർശനം സാക്ഷാത്ക്കരിക്കുവാൻ വേണ്ടിയാണ് യോഗം 'ഗുരു കാരുണ്യം 'പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.