പത്തനംതിട്ട : ചെറുകിട ഇടത്തരം ബ്യൂട്ടി പാർലർ തൊഴിലാളികളെ കൂടി ഇ.എസ്.ഐ സ്‌കീമിൽ ഉൾപ്പെടുത്തണമെന്ന് കേരള ബ്യൂട്ടീഷ്യൻ അസാസിയേഷൻ (സി.ഐ. ടി. യു ) ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെറുകിട ഇടത്തരം ബ്യൂട്ടിപാർലർ തൊഴിൽ ചെയ്യുന്ന മുഴുവൻ പേരെയും സ്‌കീമിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രിക്ക് അസോസിയേഷൻ നിവേദനം നൽകി. ഗ്രാമപ്രദേശത്തെ ബ്യൂട്ടിപാർലർ ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. അസംഘടിത തൊഴിലാളികളെയും സ്വയംതൊഴിൽ ചെയ്യുന്നവരെയും ഇ .എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിലവിൽ വ്യവസ്ഥ ഇല്ലെന്നാണ് ഇ . എസ്.ഐ കോർപ്പറേഷൻ പറയുന്നത്. മുതലാളിയുടെയും തൊഴിലാളിയുടെയും വിഹിതം ഒരാൾ തന്നെ അടക്കാം എന്ന വ്യവസ്ഥയിൽ ഡൽഹിയിലും ഹൈദരാബാദിലും നടപ്പാക്കിയത് പോലെ കേരളത്തിലെ അസംഘടിത മേഖലയായ ബ്യൂട്ടിപാർലർ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ, ജില്ലാ പ്രസിഡന്റ് ഷേർലി സജി, ജില്ലാ സെക്രട്ടറി ഷൈനി ജ്യോതി എന്നിവർ ആവശ്യപ്പെട്ടു.