പത്തനംതിട്ട: കൊവിഡ് കാലത്ത് ബ്യൂട്ടി പാർലറുകൾ അടച്ചിടാനുളള നിർദ്ദേശം ദുരുദ്ദേശപരമാണെന്ന് കേരള ബ്യൂട്ടീഷ്യൻസ് അസാസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സലൂണുകാർക്ക് വീടുകളിൽ പോയി ഹെയർ കട്ട് ചെയ്യാനും ഓൺലൈൻ ബ്യൂട്ടീഷ്യൻമാർക്ക് ഫ്ലാറ്റുകളിൽ പോയി ബ്യൂട്ടി ട്രീറ്റ്‌മെന്റ് നടത്താനും അനുവാദം നൽകിയതിന്റെ പിന്നിൽ ആരോഗ്യ വിദഗ്ധരുടെ പക്ഷാഭേദം ഉണ്ട് . ബ്യൂട്ടിപാർലറുകൾക്ക് പ്രവർത്തന അനുമതി നിരസിച്ചതിന് പിന്നിൽ ഡെർമറ്റോളജിക്കാരെ സഹായിക്കാൻ വേണ്ടി ആണെന്നും അസോസിയേഷൻ ആരോപിച്ചു . ബാങ്ക് ലോൺ എടുത്ത് സ്വയം തൊഴിൽ ചെയ്യുന്ന ചെറുകിട ബ്യൂട്ടീഷൻമാരെ സാമ്പത്തിക പ്രസിന്ധിയിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. ചില മെഡിക്കൽ വിദഗ്ധരുടെ നിർദ്ദേശം കേരളത്തിൽ രണ്ടര ലക്ഷം വരുന്ന ബ്യൂട്ടീഷ്യൻമാരെയും എട്ട് ലക്ഷം വരുന്ന അവരുടെ ആശ്രിതരേയും ദുരിതത്തിൽ ആക്കിയിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തിവരുന്ന ബ്യൂട്ടി പാർലറുകളിൽ നിന്നും രോഗവ്യാപനം നടന്നതായി റിപ്പോർട്ടുകൾ ഒന്നുമില്ല. നിർദ്ധനരായ ബ്യൂട്ടീഷൻമാരുടെ ഉപജീവനമാർഗം തടസപ്പെടുത്തുന്ന തീരുമാനം പിൻവലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷേർലി സജി, സെക്രട്ടറി ഷൈനി ജ്യോതി എന്നിവർ സംസാരിച്ചു.