കോന്നി: തവളപ്പാറ, കാർമല പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ

ഇറങ്ങിയ കാട്ടാനകൂട്ടം കാർമല എസ്‌​റ്റേ​റ്റ് ദീപു സക്കറിയായുടെ കൃഷി ഇടത്തിലെ തെങ്ങുകൾ വ്യാപകമായി നശിപ്പിച്ചു. ഒരുമാസത്തിനിടെ നിരവധി തവണയാണ് ഇവിടെ കാട്ടാനകൂട്ടം കൃഷികൾ നശിപ്പിക്കുന്നത്. കാക്കരയിൽ കഴിഞ്ഞ ദിവസം ഒരു വീടുതന്നെ കാട്ടാന തകർത്തിരുന്നു. തവളപ്പാറ സണ്ണിയുടെ വാഴകൃഷിയും നശിപ്പിച്ചിരുന്നു. പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്താൻ കർഷകർ ശ്രമിക്കുന്നത്. വനം വകുപ്പ് ജനവാസ കേന്ദ്രങ്ങളുടെ സമീപത്തെ വനഅതിർത്തിയിൽ സൗരോർജ്ജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ചവിട്ടി താഴ്ത്തിയാണ് കാട്ടാനകൾ കൃഷി ഇടങ്ങളിലെത്തിച്ചേരുന്നത്. കർഷകർ നിരവധി പരാതികൾ വനം വകുപ്പിന് നൽകിയെങ്കിലും കാട്ടാനശല്യത്തിന് പരിഹാരമായി ഒരു നടപടിയുമായില്ല. കാട്ടാനകൾ കൃഷി നശിപ്പിച്ചതിനു ശേഷം എത്തുന്ന വനപാലകർ നാശനഷ്ടങ്ങൾ വിലയിരുത്തി മഹസർ തയാറാക്കി പോകുമെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ കടമ്പകളേറെയാണ്. ദീപു സക്കറിയ തന്നെ നഷ്ട പരിഹാരത്തിന് ആറ് അപേക്ഷകളാണ് നൽകിയിട്ടുള്ളത്. ഇതു വരെ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. പടക്കം വാങ്ങിയും, രാത്രി വീടിനു ചു​റ്റം ലൈ​റ്റുകൾ സ്ഥാപിക്കുന്നതിലൂടെയുള്ള അധിക വൈദ്യുതി ചാർജ് നൽകിയും നല്ലൊരു തുക കർഷകർക്ക് വേറെയും നഷ്ടമാകുന്നു. ഇവരുടെ പ്രധാന കൃഷി റബറാണ്. കാട്ടാന ഭയത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികളും ജോലിയ്ക്ക് എത്തുന്നില്ല. ഗുണനിലവാരമില്ലാത്ത സൗരോർജ്ജ വേലികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള കമ്പികൾ സ്ഥാപിച്ച് ഇതിന്റെ ഉയരം കൂട്ടുകയും, കിടങ്ങുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.