ചെങ്ങന്നൂർ: അനധികൃത നിർമ്മാണം അന്വേഷിക്കാനെത്തിയ ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി ടി. നാരായണനെയും, ഓവർസീയർ പത്രോസിനെയും നഗരസഭാദ്ധ്യക്ഷ മറിയാമ്മയുടെ ഭർത്താവ് ജോൺ ഫിലിപ്പ് തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി സെക്രട്ടറിയുടെ പരാതി. നഗരസഭാ 28ാം വാർഡിൽ ജോൺ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് സെക്രട്ടറി പരിശോധനയ്‌ക്കെത്തിയത്. അളവെടുപ്പിന് ശേഷം മടങ്ങുന്നതിനിടെ ജോൺ സെക്രട്ടറിയുടെ വാഹനം തടയുകയും, ഗ്ലാസിൽ മൊബൈൽ ഫോൺ കൊണ്ടിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. കൃത്യവിർവഹണം തടസപ്പെടുത്തിയെന്നും, ഔദ്യോഗിക വാഹനം നശിപ്പിക്കാൻ ശ്രമിച്ചതായും ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഗരസഭയിൽ ഭരണപക്ഷവും, സെക്രട്ടറിയും തമ്മിൽ വലിയ തർക്കങ്ങളും ആരോപണങ്ങളും നിലനിൽക്കുകയാണ്. ഭരണപക്ഷത്തെ ചിലർ അനധികൃത കൈയേറ്റം നടത്തിയതായി സെക്രട്ടറിയും, സെക്രട്ടറി അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും, മോശമായി പെരുമാറുന്നതായി കാട്ടി കൗൺസിലർമാരും പരാതി നൽകിയിരുന്നു. കഴിഞ്ഞാഴ്ച ഭരണപക്ഷം സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി സംഭവത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ശേഷം പ്രമേയത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭരണ സ്വാധീനമുപയോഗിച്ച് അംഗങ്ങളിൽ ചെലർ വൻ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കാട്ടി ചെയർപേഴ്‌സൺ കുറിപ്പ് നൽകിയിരുന്നു. മാത്രമല്ല ചെല ക്രമക്കേടുകൾ കണ്ടെത്തി നടപടിയിലേക്കും കടന്നതോടെയാണ് സെക്രട്ടറിക്കെതിരെ ഭരണ പക്ഷം തിരിഞ്ഞത്.