navas
ശാസ്താംകോട്ട ചന്തയിലെ ബയോഗ്യാസ് പ്ലാന്റ്

ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവഴിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ചന്തയ്ക്കുള്ളിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉപയോഗമില്ലാതെ നശിക്കുന്നു. ചന്ത, സമീപ പ്രദേശങ്ങളിലെ ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റിൽ നിക്ഷേപിച്ച ശേഷം ഇതിൽ നിന്നുള്ള ഗ്യാസ് ഉപയോഗിച്ച് ചന്തയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുക എന്നതായിരുന്നു പദ്ധതി. ഇതിലൂടെ ചന്തയും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ആദ്യത്തെ രണ്ട് വർഷം മാത്രമാണ് പ്രവർത്തനം കാര്യക്ഷമമായി നടന്നത്. പിന്നീട് ആവശ്യത്തിന് മാലിന്യം ലഭിക്കാതെ വന്നതോടെയാണ് പദ്ധതി നിർജീവമായത്. ഇപ്പോൾ പദ്ധതി പൂർണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്റുകൾ അടക്കം തുരുമ്പെടുത്ത് നശിക്കുകയാണ്.

10 ലക്ഷം ചെലവ്

2004ൽ പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റ് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ഉദ്ഘാടനം ചെയതത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ബയോടെക് എന്ന സ്ഥാപനമാണ് പദ്ധതി നിർവഹണം നടത്തിയത്.