കൊല്ലം : പ്രാണൻപിളരുന്ന പ്രസവവേദനയുമായി ലേബർ റൂമിൽ വാവിട്ട് കരഞ്ഞും ഡോക്ടറുടെ സഹായത്തിനായി അപേക്ഷിച്ചും ശ്രീദേവിയെന്ന യുവതി അലമുറയിട്ടപ്പോൾ കണ്ണിൽചോരയില്ലാതെ പെരുമാറിയ ഡോക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. രണ്ടുവർഷം മുമ്പ് നവംബറിൽ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പടിഞ്ഞാറെകല്ലട വലിയപാടം സാബു-ശ്രീദേവി ദമ്പതികളുടെ ഗർഭസ്ഥശിശു പ്രസവത്തോടെ മരിക്കാനിടയായ സംഭവമാണ് വ്യാജ സർട്ടിഫിക്കറ്റുമായി ചികിത്സയ്ക്കിറങ്ങിയ സർക്കാർ വിലാസം ഡോക്ടർക്ക് പാരയായത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
വ്യാജ ഗൈനക്കോളജി സർട്ടിഫിക്കറ്റുമായി വിലസിയ വനിതാ ഡോക്ടർ അകത്തായതോടെ ജില്ലയിലെ ഗർഭിണികൾ സുരക്ഷിതരായി എന്നുവേണം കരുതാൻ.
ഏഴ് വർഷം മുമ്പാണ് സീമ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ഡോക്ടറായെത്തുന്നത്. ഡോക്ടർമാരുടെ കേന്ദ്രമായ കരുനാഗപ്പളളിയിൽ എത്തിയ ഇവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആശുപത്രിക്ക് കുറച്ചകലെയുള്ള വീട്ടിൽ തരക്കേടില്ലാത്ത പ്രാക്ടീസ് നേടിയെടുത്തു. പ്രസവസംബന്ധമായും സ്ത്രീജന്യമായുമുള്ള രോഗങ്ങൾക്കും ധാരാളംപേർ ഇവരുടെ ചികിത്സ തേടിയെത്തിയിരുന്നു. വീട്ടിൽ വന്ന് കാണുന്നവർക്കെല്ലാം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കും സർജറിക്കും സൗകര്യമൊരുക്കി ശമ്പളത്തേക്കാൾ ഉപരി മാസാമാസം നല്ലൊരുതുക സീമ ഇതുവഴിയും നേടിയെടുത്തു. കരുനാഗപ്പള്ളിയിൽ പേരെടുത്ത ഗൈനക്കോളജിസ്റ്റായി വിലസുമ്പോഴാണ് പ്രസവത്തിനായി ശ്രീദേവി താലൂക്ക് ആശുപത്രിയിലെത്തുന്നത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീദേവി പ്രസവ തീയതിക്ക് തലേദിവവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അടുത്തദിവസം പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ശ്രീദേവിയെ ലേബർ റൂമിലേക്ക് മാറ്റി. പത്തുമാസം ചുമന്ന് നടന്ന കൺമണിക്ക് ജന്മം നൽകാൻ ശ്രീദേവി വേദന കടിച്ചമർത്തി പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലഭാഗം പുറത്തേക്ക് വന്ന കുഞ്ഞിന്റെ കഴുത്ത് ഭാഗം ഞെരുങ്ങിയതായിരുന്നു കാരണം. പൊക്കിൾകൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിപ്പിണഞ്ഞതാണ് തടസമെന്ന് മനസിലാക്കിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീമയുടെ സഹായം തേടിയത്. നാലായിരം രൂപ മുൻകൂറായി തന്നാൽ സഹായിക്കാമെന്നായിരുന്നു അവരുടെ നിലപാട്. സീമ ആവശ്യപ്പെട്ട പണം ഉടൻ നൽകാൻ കൈവശമില്ലെന്നും പ്രസവം കഴിഞ്ഞാലുടൻ പണം നൽകാമെന്നും ഭർത്താവ് സാബു നേരിട്ട് പറഞ്ഞെങ്കിലും അത് ചെവിക്കൊളളാനോ സഹായിക്കാനോ അവർ തയ്യാറായില്ല. കഴുത്ത് ഭാഗം കൊണ്ട് പുറത്തേക്ക് വരാത്ത കുഞ്ഞ് തിരികെ ഗർഭാശയത്തിലേക്ക് പോയശേഷം പിന്നീട് പുറത്ത് വന്നുകൊള്ളുമെന്നായിരുന്നു ശ്രീദേവിയുടെ ബന്ധുക്കൾക്ക് സീമ നൽകിയ മറുപടി. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഡോക്ടറും നഴ്സുമാരും മറ്റും ചേർന്ന് ശ്രീദേവിയുടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണം സാബു- ശ്രീദേവി ദമ്പതികളെ വല്ലാതെ തളർത്തി. പുറത്ത് വന്നപ്പോൾ ജീവനുണ്ടായിരുന്ന കുഞ്ഞ് പിന്നീട് മരിക്കാനിടയായത് ഡോക്ടറുടെ മനുഷ്യത്വരഹിതമായ നിലപാട് കാരണമാണെന്ന ബോദ്ധ്യം സാബുവിനെ അലട്ടി. ചികിത്സ പിഴവിനെതിരെ സാബു ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി. ചികിത്സയ്ക്കിടെ സംഭവിക്കുന്ന മരണങ്ങളിലേതുപോലെ തന്റെ ചോരകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും വഴിപാടാകുമെന്ന് ബോദ്ധ്യമായി. എന്നാൽ സാബുവും കുടുംബവും പിൻമാറാൻ ഒരുക്കമല്ലായിരുന്നു.ലേബർ റൂമിൽ കണ്ണിൽചോരയില്ലാത്ത ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ പരാതിയുമായിമുന്നോട്ട് പോകാൻ ഉറച്ചു. കുഞ്ഞിന്റെ മരണം ഡോക്ടറുടെ വീഴ്ച കാരണം സംഭവിച്ചതാണെന്ന സൂചനകൾ ആശുപത്രിയിൽ നിന്ന് ലഭിച്ചതോടെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കും മുമ്പേ ഡോക്ടറെപ്പറ്റി നന്നായി മനസിലാക്കാനും അന്വേഷിക്കാനും സാബുവും സഹോദരൻ സാജുവും തുനിഞ്ഞിറങ്ങി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയശേഷം ഡോക്ടറുടെ പിന്നാലെ കൂടി ഇവർ നടത്തിയ അന്വേഷണമാണ് സർക്കാർ സർവ്വീസിൽ വിലസിയ വ്യാജഡോക്ടറെ പൊക്കാൻ കാരണമായത്.
#കൈക്കൂലി, വെല്ലുവിളി,
ഒടുവിൽ കാലുപിടിത്തം
കുഞ്ഞ് മരിച്ചസംഭവത്തിൽ പരാതിയുമായി സാബുവും കുടുംബവും മുന്നോട്ട് പോകുന്നത് മനസിലാക്കിയ ഡോക്ടർ അവരെ നിരുത്സാഹപ്പെടുത്താനും പിന്തിരിപ്പിക്കാനും പരമാവധി ശ്രമിച്ചു. കൈക്കൂലി ആരോപിച്ച് നിങ്ങൾ പരാതി നൽകിയിട്ട് കാര്യമില്ലെന്നും തന്റെ കാര്യം സംഘടന നോക്കിക്കൊള്ളുമെന്നുമായിരുന്നു കുഞ്ഞിനെ നഷ്ടപ്പെട്ട സാധുക്കളോടുള്ള ഇവരുടെ വെല്ലുവിളി. ചികിത്സയ്ക്കിടെ മരിച്ച രോഗികളുടെ ബന്ധുക്കളുടെെ അനുഭവങ്ങൾ അക്കമിട്ട് നിരത്തിയ ഡോക്ടർ പരാതിയെയും നിയമ നടപടികളെയും പുച്ഛിച്ചാണ് സംസാരിച്ചത്. തന്റെ അനാസ്ഥകാരണമാണ് കുഞ്ഞ് മരിച്ചതെന്ന സത്യം അംഗീകരിക്കാൻ കൂട്ടാക്കാത്ത അവർ സാബുവിന്റെയും ശ്രീദേവിയുടെയും കണ്ണീരിന്റെ വിലയറിഞ്ഞില്ല. നീതി ലഭിക്കും വരെ നിയമ പരമായ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച ഇവരുടെ ദൃഢനിശ്ചയവും സുമനസുകളുടെ പിന്തുണയുമാണ് കേസ് വഴിത്തിരിവിലെത്താൻ ഇടയാക്കിയത്.
#നിർണായകമായത്
വിവരാവകാശ മറുപടി
കുഞ്ഞിന്റെ സംസ്കാരം കഴിഞ്ഞശേഷം ആശുപത്രിയിൽ നിന്ന് ലഭിച്ച രഹസ്യവിവരമാണ് ഡോക്ടർക്കെതിരായി പരാതി നൽകണമെന്ന ഇവരുടെ തീരുമാനത്തിന് അടിവരയിട്ടത്. ആശുപത്രിയുടെ ഉള്ളിൽനിന്ന് ചിലർ നൽകിയ വിവരം മരണം സ്വാഭാവികമല്ല എന്ന സംശയത്തിൽ എത്തിച്ചു. ഡോക്ടറുടെ സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലും ചിലർ സംശയം പ്രകടിപ്പിച്ചു.പ്രസവവേദനയുമായി കഴിയുന്നതിനിടെ ശ്രീദേവിക്കും ചില സംശയങ്ങളുണ്ടായി. ഇതേ തുടർന്ന് സീമ ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്ന് പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകി.വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവർ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നത് എന്നു വ്യക്തമായതോടെ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം പരാതി നൽകുകയായിരുന്നു. 2008ൽ ദ്വിവത്സര ഡി.ജി.ഒ കോഴ്സിന് ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.തുടർന്ന് ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി.രേഖകൾ ഹാജരാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചതോടെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സീമ പലരെയും അയച്ചു.
ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇവരെ സസ്പെൻഡ് ചെയ്തത്. കേസ് ശക്തമാകുകയും നടപടി വരുമെന്നുറപ്പാകുകയും ചെയ്തതോടെ സീമ ഒളിവിൽപ്പോയി. സർക്കാർ സർവീസിൽ വ്യാജ സർട്ടിഫിക്കറ്റുമായി വിലസുകയും നവജാത ശിശുവിന്റെ മരണത്തിന് കാരണക്കാരിയാകുകയും ചെയ്ത ഡോക്ടറെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കരുനാഗപ്പള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സർട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന് ബോദ്ധ്യപ്പെടുകയും സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടും ഡോക്ടർ പൊലീസിൽ കാര്യമായ സ്വാധീനം ചെലുത്തി അറസ്റ്റ് വൈകിക്കുന്ന സ്ഥിതിയാണുള്ളത്.
#പറ്റിച്ചത് പത്തുവർഷം
ഡോ.ടി.എസ്.സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്. ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. ഇല്ലാത്ത യോഗ്യതയുടെ പേരിൽ സർക്കാരിനെപ്പറ്രിച്ച് കനത്തശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഇവർക്കെതിരെ വിജിലൻസും അന്വേഷണം നടത്തേണ്ടതാണ്. അനർഹമായി കൈപ്പറ്റിയ ആനുകൂല്യങ്ങ തിരിച്ച് പിടിക്കുന്നതിനും സർക്കാരിനെ കബളിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുക്കുകയും സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്. വ്യാജസർട്ടിഫിക്കറ്റുമായി മനുഷ്യജീവനെ കത്തിമുനയിൽ നിർത്തി കളിച്ച ഇവരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെങ്കിൽ അതിനെതിരെ നിയമപരമായ ന പടികളിലേക്ക് നീങ്ങാനാണ് സാബുവിന്റെ തീരുമാനം. കുഞ്ഞിന്റെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സാബുവിന്റെ കുടുംബം.