c

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം ഇന്നലെ 500 ആയി. രണ്ടാംഘട്ട വ്യാപനം സ്ഥിരീകരിച്ച ഏപ്രിൽ പകുതിക്കുശേഷം 137 പേരാണ് മരിച്ചത്. അതിന് മുൻപുള്ള ഒരു വർഷത്തിനിടെ മരിച്ചത് 363 പേരാണ്. മരണസംഖ്യയിൽ കൊല്ലം നിലവിൽ ഒൻപതാം സ്ഥാനത്താണ്. തിരുവനന്തപുരം ഒന്നാം സ്ഥാനത്തും തൃശ്ശൂർ രണ്ടാം സ്ഥാനത്തുമാണ്. പത്തനംത്തിട്ട, കാസർകോട്, വയനാട്, ഇടുക്കി,​ കോട്ടയം ജില്ലകളാണ് മരണസംഖ്യയിൽ കൊല്ലത്തിന് പിന്നിലുള്ളത്.

കൊവിഡ് മരണം

ജില്ല, മരിച്ചവരുടെ എണ്ണം

തിരുവനന്തപുരം - 1749

തൃശ്ശൂർ - 1030

കോഴിക്കോട് - 971

എറണാകുളം - 872

ആലപ്പുഴ - 701

മലപ്പുറം - 666

കണ്ണൂർ - 622

പാലക്കാട് - 604

കൊല്ലം - 500

കോട്ടയം - 435

പത്തനംത്തിട്ട - 292

വയനാട് - 162

കാസർകോട് -149

ഇടുക്കി - 62

29 പേർ 50 വയസിൽ താഴെയുള്ളവർ

ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 29 പേർ 50 വയസിൽ താഴെയുള്ളവരാണ്. രണ്ടാംഘട്ട വ്യാപനം തുടങ്ങിയ ശേഷം ജില്ലയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളിൽ ബഹുഭൂരിപക്ഷവും 50ൽ താഴെയുള്ളവരാണ്.

രോഗവ്യാപനം കുറഞ്ഞ സ്ഥലത്ത്

അധികനിയന്ത്രണം പിൻവലിച്ചു

കൊല്ലം: രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇളമ്പള്ളൂർ, നിലമേൽ, മൈലം, അലയമൺ, ഉമ്മന്നൂർ, കുണ്ടറ ഗ്രാമ പഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലും ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം കോർപ്പറേഷനിലെ 7 മുതൽ 11 വരെയും 34 മുതൽ 41 വരെയുമുള്ള ഡിവിഷനുകളിലും തൃക്കോവിൽവട്ടം, തൃക്കരുവ, പന്മന, ചവറ, തെക്കുംഭാഗം, തൊടിയൂർ, തലവൂർ, കരവാളൂർ പഞ്ചായത്തുകളിലും ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ തുടരും.

2149 പേർക്ക് കൊവിഡ്

കൊല്ലം: ജില്ലയിൽ ഇന്നലെ 2149 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ എല്ലാവരും പ്രാദേശിക സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ഇന്നലെ 432 പേർ രോഗമുക്തരായി.

ജില്ലയിൽ കൊവിഡ് ചികിത്സയിലിരിക്കേ മരിക്കുന്നവരുടെയും മരിച്ചശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും വിശദമായ മെഡിക്കൽ റിപ്പോർട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറും. വിദഗ്ദ്ധസമിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മരണകാരണം കൊവിഡാണോയെന്ന് സ്ഥിരീകരിക്കുന്നത്.

ഡോ. ആർ. ശ്രീലത (ഡി.എം.ഒ)