v

നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്ലാതെ ഉദ്യോഗാർത്ഥികൾ

കൊല്ലം: പുതിയ അദ്ധ്യയനവർഷം പിറക്കുമ്പോഴും രണ്ട് കൊല്ലത്തോളമായ ഉത്തരവുമായി ജില്ലയിൽ അദ്ധ്യാപക നിയമനത്തിനായി കാത്തിരിക്കുന്നത് 300 ഉദ്യോഗാർത്ഥികൾ. ഉത്തരവ് ലഭിച്ചവർക്കെല്ലാം ഉടൻ നിയമനം നൽകണമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂലവിധി വന്നിട്ടുകൂടി നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഇവരുടെ ആശങ്കയേറുകയാണ്.
216 എൽ.പി സ്‌കൂൾ അദ്ധ്യാപകർ, 35 യു.പി സ്‌കൂൾ അദ്ധ്യാപകർ, 49 ഹൈസ്‌കൂൾ അദ്ധ്യാപകർ എന്നിങ്ങനെയാണ് ജില്ലയിൽ നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നത്.
അതേസമയം,​ സ്കൂളുകൾ തുറന്നാൽ മാത്രമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാനാവൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇക്കുറി സ്‌കൂളുകളിൽ നിന്ന് നേരിട്ട് ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഒഴിവുള്ള തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

2012ലാണ് പ്രൈമറി സ്‌കൂൾ അദ്ധ്യാപക തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. നാലുവർഷം കഴിഞ്ഞാണ് പരീക്ഷ നടത്തിയത്. രണ്ട് കൊല്ലം കഴിഞ്ഞ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. കാത്തിരിപ്പിനൊടുവിൽ നിയമനം ലഭിച്ചപ്പോഴേക്കും കൊവിഡ് വ്യാപനം മൂലം സ്കൂളുകൾ അടച്ചത് തിരിച്ചടിയാവുകയായിരുന്നു.

കഷ്ടപ്പെട്ട് പഠിച്ചുനേടിയ ജോലിയിൽ കയറാൻ സെക്രട്ടേറിയറ്റ് പടിക്കൽ 22 ദിവസമാണ് സമരം ചെയ്തത്. പി.എസ്.സി നിയമന ശുപാർശയ്ക്കും സർക്കാർ നിയമനത്തിനും എന്ത് പരിരക്ഷയാണുള്ളതെന്ന് ചിന്തിച്ചുപോകുന്നു.

ഉദ്യോഗാർത്ഥികൾ