കൊല്ലം: പാട്ടും കഥയും നൃത്തച്ചുവടുകളുമായി ഓൺലൈനിലൂടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. ഒന്നാം ക്ലാസുകാർ മാതാപിതാക്കൾക്കൊപ്പമിരുന്നാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. എല്ലാ സ്കൂളുകളിലും ഗൂഗിൾ മീറ്റ് വഴിയായിരുന്നു പ്രവേശനോത്സവം. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ.എൻ. ബാലഗോപാലിന്റെയും ജെ. ചിഞ്ചുറാണിയുടെയും നേരത്തേ ചിത്രീകരിച്ച സന്ദേശമാണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ പ്രദേശങ്ങളിൽ മേയർ, മുനിസിപ്പൽ ചെയർപേഴ്സൺ തുടങ്ങിയവർ സന്ദേശം നൽകി. എം.എൽ.എമാരും തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളും വിവിധ സ്കൂളുകളിലെ പ്രവേശനോത്സവങ്ങളിൽ ഓൺലൈനായി പങ്കെടുത്തു.
ചില സ്കൂളുകൾ കുട്ടികൾക്ക് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കി. എട്ട് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങളുടെ ഓർമ്മപ്പെടുത്തലും നടന്നു. ഇന്ന് മുതൽ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്. കഴിഞ്ഞ അദ്ധ്യയനവർഷത്തേതിന് സമാനമായി അദ്ധ്യാപകർ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പാഠഭാഗങ്ങളുടെ കുറിപ്പ് നൽകും. ഒരാഴ്ച കഴിഞ്ഞ് 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഗൂഗിൾ മീറ്റ് വഴി പരീക്ഷണാടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിച്ചേക്കും. വിജയകരമാണെങ്കിൽ മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.
പങ്കെടുക്കാത്ത കുട്ടികളെ തിരയുന്നു
ഇന്നലത്തെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാത്ത ഒന്നാംക്ലാസ് മുതലുള്ള കുട്ടികളുടെ വിവരം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നിന്ന് ശേഖരിച്ചുതുടങ്ങി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പഠനമാദ്ധ്യമം ലഭ്യമാക്കുകയാണ് ലക്ഷ്യം.