kollam-thodu

 ജലസ്രോതസുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി ജില്ലാ പ‌ഞ്ചായത്ത്

കൊല്ലം: മാലിന്യം അടിഞ്ഞുകൂടി നിശ്ചലമായ തോടുകളും കുളങ്ങളും പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൊവിഡ് പ്രതിസന്ധി മാറുന്നതോടെ കുളങ്ങളും തോടുകളും ശുചീകരിച്ച് ഉപയോഗപ്രദമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് വിനിയോഗിച്ച് 'ഒഴുകാം നാളേയ്ക്ക്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ നടപ്പാക്കിയിരുന്ന 'സുജലം' പദ്ധതിയും ഒപ്പം കൊണ്ടുപോകും. രണ്ട് പദ്ധതികൾക്കുമായി ഇത്തവണ മൂന്ന് കോടി രൂപയാണ് ചെലവാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രസിഡന്റ് സാം. കെ. ഡാനിയേൽ അറിയിച്ചു.

പദ്ധതി നടത്തിപ്പ് ഇപ്രകാരം
1. നാടിന് ഗുണകരമാവുന്ന തോടുകൾ കണ്ടെത്തും
2. ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കും
3. ജോലിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും
4. തടസങ്ങൾ മാറ്റി തോടുകളെ നവീകരിക്കും
5. ചെറുതും വലുതുമായ കുളങ്ങൾ കണ്ടെത്തും
6. പാറ കൊണ്ട് ഭിത്തികെട്ടി സംരക്ഷിക്കും

7. കൽപ്പടവുകൾ കെട്ടി മനോഹരമാക്കും

8. മാലിന്യം നീക്കംചെയ്ത് ശുചീകരിക്കും


തോടുകളും കുളങ്ങളും നവീകരിച്ച് ജലസ്രോതസാക്കി മാറ്റുന്ന പദ്ധതി കൊവിഡ് പ്രതിസന്ധി മാറിയാലുടൻ ആരംഭിക്കും. കേന്ദ്രത്തിന്റെ ആദ്യ ഗഡു ലഭിച്ചിട്ടുണ്ട്

കെ. പ്രസാദ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത്