ചവറ : തേവലക്കര അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി പുതിയ സാമൂഹ്യപദ്ധതികൾ പ്രഖ്യാപിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എയുടെ ആശംസാസന്ദേശത്തോടെയാണ് ചടങ്ങ് ആരംഭിച്ചത് .
പി.ടി.എ സംഘടിപ്പിക്കുന്ന അക്ഷരത്തണൽ എന്ന കൊവിഡ് അതിജീവന സഹായപദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അഗം എസ്. സോമൻ നിർവഹിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യക്കിറ്റുകൾ , മരുന്നുകൾ , ചികിത്സാ ധനസഹായം , ഓൺലൈൻ പഠനോപകരണ വിതരണം, കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം, കൊവിഡ് രോഗികൾക്ക് സാന്ത്വനം നൽകുന്ന എൻ.എസ്.എസ് യൂണിറ്റിന്റെ ശലഭങ്ങൾ എസ്.പി.എസ് യൂണിറ്റിന്റെ ഒരു വയറൂട്ടാം എന്നീ കാരുണ്യപദ്ധതികൾ ,അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള കൗൺസിലിംഗ് പ്രോഗ്രാം , കൊവിഡ് ബോധവത്കരണ കാമ്പയിൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. നേരത്തെ പി.ടി.എ പ്രഖ്യാപിച്ച സഹപാഠിക്കൊരു സ്നേഹവീട് പൂർത്തീകരിച്ചുവരികയാണ്. പ്രവേശനോത്സവ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷത വഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് വിമൽരാജ് , ഗ്രാമപഞ്ചായത്തംഗം ഫാത്തിമകുഞ്ഞ് , പ്രിൻസിപ്പൽ കെ.കെ.സജീവ് , ഹെഡ്മിസ്ട്രസ് ആശാജോസ് , എസ്.എം. സി ചെയർമാൻ ജി.കൃഷ്ണകുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് സി.രാജീവ് , സ്റ്റാഫ് സെക്രട്ടറി എമേഴ്സൺ എന്നിവർ സംസാരിച്ചു.