കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മരണനിരക്ക് ഉയർന്നതിനൊപ്പം ചികിത്സയെ സംബന്ധിച്ച പരാതികളും വ്യാപകമായതോടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കൂടുമ്പോൾ എല്ലാവരിലേക്കും ശ്രദ്ധ എത്തുന്നില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഇരുന്നൂറ് കിടക്കളാണ് ഹോക്കി സ്റ്റേഡിയത്തിലെ ചികിത്സാ കേന്ദ്രത്തിലുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 220 രോഗികളെ വരെ ചികിത്സിച്ചിരുന്നു. ഇനിമുതൽ 160 പേരെ മാത്രം ചികിത്സയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളിൽ മാത്രം കൂടുതൽ രോഗികളെ ചികിത്സിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പുള്ള മൂന്നാഴ്ചകളിലെ കണക്ക് പരിശോധിച്ചാൽ കേന്ദ്രത്തിൽ ചികിത്സയിലുള്ളവരിൽ ശരാശരി ആറുപേർ വീതമാണ് ദിവസേന മരണത്തിന് കീഴടങ്ങിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മരണസംഖ്യ ശരാശരി നാലായി കുറഞ്ഞിട്ടുണ്ട്.
ചികിത്സാ സംവിധാനങ്ങളില്ല
പാരിപ്പള്ളി മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും കഴിഞ്ഞാൽ സർക്കാർ മേഖലയിലുള്ള മൂന്നാമത്തെ പ്രധാനപ്പെട്ട കൊവിഡ് ചികിത്സാ കേന്ദ്രമാണ് ഹോക്കി സ്റ്റേഡിയത്തിലേത്. രണ്ടാം വ്യാപനം തുടങ്ങിയതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നതിൽ അധികവും.
90 ശതമാനം പേരും ന്യൂമോണിയ ബാധിച്ചവരാണ്. എന്നാൽ ഇവരുടെ തുടർന്നുള്ള ആരോഗ്യനില പരിശോധിക്കാൻ എക്സ്റേ, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ തുടങ്ങിയ സംവിധാനങ്ങളൊന്നുമില്ല. ഇത്തരം പരിശോധനകൾക്കായി രോഗികളെ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ഐ.സി.യു സജ്ജമാക്കാൻ ആലോചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല.
6000 രോഗികൾ
ജില്ലയിൽ ഏറ്റവുമാദ്യം പ്രവർത്തനമാരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് (സി.എഫ്.എൽ.ടി.സി) ഹോക്കി സ്റ്റേഡിയത്തിലേത്. ഗുരുതര രോഗികളുടെ എണ്ണം ഉയർന്നതോടെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ മറ്റ് സി.എഫ്.എൽ.ടി.സികളും സി.എൽ.ടി.സികളും അടച്ചെങ്കിലും ഹോക്കി സ്റ്റേഡിയം തുടർന്ന് പ്രവർത്തിച്ചു. ഇതുവരെ ആറായിരം രോഗികളെ ഇവിടെ ചികിത്സിച്ചു.
പരാതി വ്യാപകം
ഹോക്കി സ്റ്റേഡിയത്തിൽ രോഗികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇവിടെ പ്രവേശിപ്പിച്ച പാരിപ്പള്ളി സ്വദേശിക്ക് ന്യുമോണിയ മൂർച്ഛിച്ചതിനൊപ്പം ഓക്സിജന്റെ അളവ് കുത്തനെ താഴ്ന്നിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ല. ബന്ധുക്കൾ തിരക്കുമ്പോഴെല്ലാം കാര്യമായ പ്രശ്നങ്ങളില്ലെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ആരോഗ്യനില പരിതാപകരമായതോടെ ബന്ധുക്കൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിക്കുന്നതിലെ കാലതാമസം മൂലം രണ്ടാഴ്ച മുമ്പ് മൂന്ന് രോഗികൾ മരിച്ചതായും ആരോപണമുയർന്നിരുന്നു.