പത്തനാപുരം: ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിൽ ഇത്തവണയും പകിട്ടുകുറയാതെ പ്രവേശനോത്സവം നടന്നു. ഓൺലൈൻ പ്രവേശനോത്സവം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള സ്‌കൂളിലെ ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ ഇരുന്നൂറ്റമ്പതോളം കുട്ടികളാണ് അദ്ധ്യയനത്തിന് ആരംഭം കുറിച്ചത്. സ്‌പെഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ കുട്ടികളായ മണികണ്ഠനും മാനവും ഗാന്ധിഭവൻ വൈസ് ചെയർമാനും സ്‌പെഷ്യൽ സ്‌കൂൾ മാനേജറുമായ പി.എസ്. അമൽരാജിനൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കൊവിഡ് മഹാമാരിയെ ലോകത്തുനിന്ന് തുടച്ചു നീക്കുവാൻ സ്‌പെഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ കുട്ടികൾ മെഴുകുതിരിദീപങ്ങൾ തെളിച്ച് പ്രാർത്ഥന നടത്തി. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഓൺലൈനിൽ ആശംസകൾ അറിയിച്ചു. സ്‌കൂൾ ഉപദേശക സമിതി സെക്രട്ടറി എം.ടി. ബാവ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന അദ്ധ്യാപകനും സാംസ്‌കാരികപ്രവർത്തകനുമായ കരുനാഗപ്പളളി കൃഷ്ണൻകുട്ടി, സ്‌പെഷ്യൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ആർ. സുധ, പോണാൽ നന്ദകുമാർ, രത്‌നമ്മ ബ്രാഹ്മമുഹൂർത്തം, ഷാനവാസ് കമ്പിക്കീഴിൽ, മായാ വാസുദേവ്, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.