v

കൊല്ലം: കൊവിഡ് രോഗി മരിച്ചെന്ന് തെറ്റായ സന്ദേശം നൽകിയ സംഭവം വിവാദമായതോടെ ജില്ലാ ആശുപത്രിയിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത്‌ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, ഡോ. ഫിൽസൺ എന്നിവരുമായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയും എ.ഐ.സി.സി പഞ്ചായത്തിരാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണനും ചർച്ച നടത്തി. ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ രോഗി നെഗറ്റീവായ വിവരം ബന്ധുക്കളെ അറിയിക്കണമെന്ന സന്ദേശമാണ് ഈസ്റ്റ് പൊലീസിന് നൽകിയതെന്ന് മനസിലാക്കിയതായി ബിന്ദുകൃഷ്ണ പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് ഈസ്റ്റ്‌ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.