കൊല്ലം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് ചവറ ശങ്കരമംഗലം സ്കൂളിൽ കൊവിഡ് ചികിത്സ കേന്ദ്രമൊരുക്കി ആർ.പി ഗ്രൂപ്പ്. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് തയ്യാറാകുന്നത്.
കട്ടിലിനും കിടക്കൾക്കും പുറമെ വാഷിംഗ് മെഷീനുകൾ, ഫ്രിഡ്ജുകൾ, നാനൂറോളം കസേരകൾ, ഇന്റക്ഷൻ കുക്കറുകൾ തുടങ്ങിയ സൗകര്യങ്ങളും ആർ. പി ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.
ഈ പ്രതിസന്ധി കാലത്ത് പഠിച്ച സ്കൂളിൽ തന്നെ കിടക്കകൾ ഒരുക്കേണ്ടി വന്നത് മനസിനെ വിഷമിപ്പിച്ച കാര്യമാണെന്നും ഒറ്റക്കെട്ടായി കൊവിഡ് പ്രതിസന്ധി തരണം ചെയ്യണമെന്നും ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പറഞ്ഞു. കൊവിഡ് ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസും ആർ.പി ഗ്രൂപ്പ് സി.എഫ്.ഒ മനോജ് കൃഷ്ണനും ചേർന്ന് വിലയിരുത്തി.